Kerala NewsLatest NewsUncategorized

പൊതുപരിപാടികളിൽ അമ്പത് മുതൽ നൂറു പേർ മാത്രം; മാളുകളിൽ പ്രവേശനത്തിന് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം: സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊറോണ നിയന്ത്രണങ്ങൾ കർശനമാക്കി. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പൊതുപരിപാടികളിൽ അമ്പത് മുതൽ നൂറു പേർ മാത്രമേ പങ്കെടുക്കാൻ പാടുളളൂ. മാളുകളിൽ പ്രവേശനത്തിന് ആർ ടി പി സി ആർ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. വാക്‌സിൻ രണ്ട് ഡോസ് എടുത്തവർക്കും മാളുകളിൽ പ്രവേശിക്കാം.

രണ്ടരലക്ഷം പേർക്ക് നാളെയും മറ്റന്നാളുമായി കൊറോണ പരിശോധന നടത്താനും തീരുമാനിച്ചു. ഏറ്റവും കൂടുതൽ പരിശോധനകൾ നടത്തുക, ഏറ്റവും കൂടുതൽ കേസുകൾ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്ന ജില്ലകളിലൊന്നായ എറണാകുളത്താണ്. 30,900 പേരെ രണ്ട് ദിവസം കൊണ്ട് പരിശോധിക്കാനാണ് തീരുമാനം. മാസ് പരിശോധനയിൽ ആദ്യം പരിഗണന നൽകുന്നത് തിരഞ്ഞെടുപ്പ് പ്രചാരണവുമായും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചവർക്കാകും.

സംസ്ഥാനത്ത് കൂടുതൽ വാക്‌സിൻ എത്തിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടാനും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗത്തിൽ തീരുമാനമായി. വാക്‌സിൻ കിട്ടുന്ന മുറയ്ക്ക് മെഗാ വാക്സിനേഷൻ ക്യാമ്പുകൾ വിപുലീകരിക്കും. ഒരു ദിവസം രണ്ടര ലക്ഷം വരെ പേർക്ക് വാക്‌സിൻ നൽകാൻ തീരുമാനമായിട്ടുണ്ട്.

സംസ്ഥാനത്തെ ആശുപത്രികളിലെ തീവ്രപരിചരണവിഭാഗങ്ങളിൽ കൂടുതൽ കിടക്കകൾ സജ്ജീകരിക്കാനും ധാരണയായി. പ്രാദേശിക തലത്തിൽ 144 പ്രഖ്യാപിക്കാനുളള അനുമതി ജില്ലാ കളക്ടർമാർക്ക് ഇതിനകം നൽകിയിട്ടുണ്ട്. ഇത് കൂടാതെ പൊലീസിനെയും സെക്‌ടറൽ മജിസ്ട്രേറ്റുമാരെയും ഉപയോഗിച്ച്‌ പൊതു ഇടങ്ങളിലെ നിയന്ത്രണങ്ങൾ കർശനമാക്കാനാണ് ആലോചന.

ഈ മാസം 19 മുതൽ കൂടുതൽ മാസ് വാക്‌സിൻ വിതരണകേന്ദ്രങ്ങൾ സജ്ജമാക്കും. വാക്‌സിൻ വിതരണം ത്വരിതഗതിയിലാക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ വാർഡുകൾ കേന്ദ്രീകരിച്ചാകും ഇത് നടപ്പാക്കുക. വാക്‌സിനേഷൻ വഴി പ്രതിരോധശേഷി പരമാവധി പേരിൽ ഉണ്ടാക്കുകയാണ് സർക്കാർ ലക്ഷ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button