ആശുപത്രികൾ ചികിത്സിക്കാതെ തിരിച്ചയച്ചതിന് കോർപറേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തിയ കൊവിഡ് രോഗി മരിച്ചു

മുംബൈ: നിരവധി ആശുപത്രികൾ തിരിച്ചയച്ചതിനെതിരെ കോർപറേഷൻ ഓഫീസിന് മുന്നിൽ പ്രതിഷേധം നടത്തിയ കൊവിഡ് രോഗി മരിച്ചു. മഹാരാഷ്ട്രയിലെ നാഷികിലാണ് സംഭവം. സിലിൻഡറുമായി ബന്ധിപ്പിച്ച ഓക്‌സിജൻ മാസ്‌ക് ധരിച്ചായിരുന്നു പ്രതിഷേധം.
കഴിഞ്ഞ ദിവസം അർധ രാത്രിക്ക് ശേഷമാണ് 38കാരനായ ബാബാസാഹെബ് മരിച്ചത്. കോർപറേഷൻ ആസ്ഥാനത്തിന് മുന്നിൽ കസേരയിട്ട് ധർണ ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ ഇദ്ദേഹത്തെ മുനിസിപ്പൽ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രാത്രിയോടെ മരിക്കുകയായിരുന്നു.
രണ്ട്- മൂന്ന് ദിവസം മുമ്ബ് ആദ്യം ബൈറ്റ്‌കോ ആശുപത്രിയിലേക്കാണ് ഇദ്ദേഹത്തെ ആദ്യം കൊണ്ടുപോയത്. അവിടെ നിന്ന് മറ്റൊരു ആശുപത്രിയിലേക്കും തുടർന്ന് സർക്കാർ മെഡിക്കൽ കോളജിലേക്കും മാറ്റി. മെഡിക്കൽ കോളജിൽ ബെഡ് ഇല്ലാത്തതിനെ തുടർന്ന് വിവിധ ആശുപത്രികളേക്ക് പോയി. എന്നാൽ ഒരു ആശുപത്രിയും അഡ്മിറ്റ് ചെയ്തില്ല.
ഒടുവിലാണ് സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുവന്നതും ഓക്‌സിജൻ മാസ്‌ക് ഘടിപ്പിക്കുന്നതും. തുടർന്ന് രോഗി ധർണക്ക് വേണ്ടി കോർപറേഷൻ ഓഫീസിന് മുന്നിലെത്തുകയായിരുന്നു. അതേസമയം, സമരം ചെയ്യാൻ രോഗിയെ പ്രേരിപ്പിച്ചവരെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.