”എന്റെ അമ്മയ്ക്കെതിരെയുളളതിലുപരി, രാജ്യത്തെ എല്ലാ അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും നേരെയുളള അധിക്ഷേപമാണ്”; അമ്മയെ അധിക്ഷേപിച്ചതിനെതിരെ പ്രതികരണവുമായി പ്രധാനമന്ത്രി

അമ്മയെ അധിക്ഷേപിച്ചതിനെതിരെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. “എന്റെ അമ്മയ്ക്ക് രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ല. എന്നാൽ മരിച്ചു പോയ അമ്മയെ രാഷ്ട്രീയ വേദിയിൽ വലിച്ചിഴച്ച് അപമാനിക്കുന്നത് എന്തിനാണ്? അമ്മ എന്താണ് തെറ്റ് ചെയ്തത്? ഒരു രാഷ്ട്രീയ വേദിയിൽ അമ്മയെ അപമാനിക്കുമെന്നു ഞാൻ ഒരിക്കലും കരുതിയിരുന്നില്ല,” എന്ന് മോദി വികാരാധീനമായി പറഞ്ഞു.
“അമ്മയാണ് നമ്മുടെ ലോകം, ആത്മാഭിമാനം. സമ്പന്നമായ പാരമ്പര്യത്തിന്റെയും സംസ്കാരത്തിന്റെയും നാട് ആയ ബിഹാറിൽ ഇത്തരമൊരു സംഭവം നടക്കുമെന്ന് കരുതിയില്ല. ആർജെഡി– കോൺഗ്രസ് യോഗ വേദിയിൽ എന്റെ അമ്മയെ അപമാനിച്ചു. ഇത് എന്റെ അമ്മയ്ക്കെതിരെയുളളതിലുപരി, രാജ്യത്തെ എല്ലാ അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും നേരെയുളള അധിക്ഷേപമാണ്. ബിഹാറിലെ അമ്മമാർക്കും പെൺകുട്ടികൾക്കും ഇതു കേട്ട് എത്ര വേദന ഉണ്ടായിരിക്കുമെന്ന് ഞാൻ മനസ്സിലാക്കുന്നു,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുടുംബാധിപത്യത്തിൽ അഭിരമിക്കുന്നവർക്ക് അമ്മയുടെ വേദന മനസ്സിലാകില്ലെന്നും, സ്ത്രീകളുടെ സംരംഭകത്വവും സ്വയം സഹായ ഗ്രൂപ്പുകളും പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച പുതിയ സഹകരണ സംരംഭത്തിന്റെ ഉദ്ഘാടനം നടത്തിക്കൊണ്ടിരിക്കെയാണ് മോദി പ്രതികരിച്ചത്. “ഈ പദ്ധതി ബിഹാറിലെ അമ്മമാർക്കും പെൺമക്കൾക്കും മുന്നോട്ടുപോകാനുള്ള ശക്തമായ വേദിയായി മാറും,” എന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്രയ്ക്കിടെ ബിഹാറിലെ സിംഗ് വാരയിലെ ഭാപുര ഗ്രാമവാസിയായ മുഹമ്മദ് റിസ്വി അഥവാ രാജ പ്രധാനമന്ത്രിയെയും അമ്മയെയും അധിക്ഷേപിച്ച് പരാമർശം നടത്തിയിരുന്നു. തുടർന്ന് ദർഭംഗ പൊലീസ് രാജയെ അറസ്റ്റ് ചെയ്തു.
അമിത് ഷാ ഉൾപ്പെടെ കേന്ദ്രമന്ത്രിമാരും ബിജെപിയും ശക്തമായ പ്രതികരണം രേഖപ്പെടുത്തി. “കോൺഗ്രസിന്റെയും ആർജെഡിയുടെയും വേദിയിൽ നിന്നുണ്ടായ ഇത്തരം പരാമർശങ്ങൾ ജനാധിപത്യത്തിനുതന്നെ കളങ്കമാണ്,” എന്ന് അമിത് ഷാ വിമർശിച്ചു. ബിജെപിയും പരാമർശത്തെതിരെ രൂക്ഷമായ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.
Tag; PM responds to insults against mother