വയനാട്ടിലെ നെൽപ്പാടങ്ങൾ വെള്ളത്തിലായി.

കനത്ത മഴക്കൊപ്പം ബാണാസുര സാഗർ ഡാമിന്റെ ഷട്ടറുകൾ കൂടി തുറന്നു വിട്ടതോടെ വയനാട്ടിലെ നെൽപ്പാടങ്ങൾ എല്ലാം വെള്ളത്തിലായി. ശക്തമായ മഴയില്‍ വയനാട്ടിലെ ഹെക്ടര്‍കണക്കിന് നെല്‍കൃഷിയിയിലാണ് വെള്ളം കയറിയത്. ബാണാസുരഡാം ഷട്ടറുകള്‍ തുറക്കുന്നതോടെ കൂടുതൽ സ്ഥലങ്ങളിലേക്ക് വെള്ളം കയറുകയായിരുന്നു. പറിച്ചു നട്ട നെൽചെടികൾ ചുവടുറക്കുന്നതിന് മുൻപ് തന്നെ കൃഷിയിടത്തില്‍ വെള്ളം കയറിയതോടെ കര്‍ഷകര്‍ ഒന്നടങ്കം ആശങ്കയിലായി.
കൊയിലേരി, പനമരം, മാതോത്ത് പൊയിൽ, ചീക്കല്ലൂർ, കൈപ്പാട്ടുകുന്ന്, പാലൂർകുന്ന് , കുപ്പാടിത്തറ, കുറുമണി ചെമ്പകച്ചാല്‍, കൊച്ചുകുളം തുടങ്ങിയ പാടശേഖരങ്ങളിലുള്‍പ്പെട്ട നൂറുകണക്കിന് ഏക്കർ വരുന്ന നെല്‍പാടങ്ങളിലാണ് ഞായറാഴ്ച രാവിലെ മുതല്‍ വെള്ളം കയറിത്തുടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടര്‍ച്ചയായ മഴയില്‍ കബനിയിലേക്കുള്ള നീരൊഴുക്ക് ക്രമാതീതമായി വര്‍ദ്ധിച്ചതോടെയാണ് തോടുകളിലൂടെയും ചെറുപുഴകളിലൂടെയും പാടശേഖരത്തിലേക്ക് വെള്ളം കയറിയത്.
മുന്‍വര്‍ഷങ്ങളില്‍ ആഗസ്ത് മാസത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കൃഷിനശിച്ചതിനെ തുടര്‍ന്ന് കര്‍ഷകര്‍ ഈ വര്‍ഷം താമസിച്ചാണ് കൃഷിയിറക്കിയത്.പതിവ് തെറ്റി സെപ്തംബറിലെത്തിയ മഴയാണ് കര്‍ഷകര്‍ക്ക് വീണ്ടും ഭീഷണിയായിരിക്കുന്നത്.പുതിയഇനം വിത്തുകള്‍ ഉപയോഗിക്കുന്നതിനാല്‍ കുറഞ്ഞ ദിവസം കൃഷിയിടത്തില്‍ വെള്ളം കെട്ടി നിന്നാല്‍ ഞാറ് ചീഞ്ഞ് കൃഷി നശിക്കാനിടയാവും. ബാണാസുരഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നതിലൂടെയുള്ള വെള്ളവും കൂടി വയലിലെത്തുമ്പോള്‍ കൃഷി പൂര്‍ണ്ണമായും നശിച്ചുപോവുമോ എന്ന ആശങ്കയിലാണ് കര്‍ഷകര്‍.
വെള്ളപ്പൊക്ക ഭീഷണിയിലായതോടെ പടിഞ്ഞാറത്തറയിലെ മൂന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പടിഞ്ഞാറത്തറ മാടതുംപാറ കോളനിയിലെ മൂന്ന് കുടുംബങ്ങളിലെ 20 പേരെയാണ് പടിഞ്ഞാറത്തറ ഹൈസ്ക്കൂളിൽ ആരംഭിച്ച താൽക്കാലിക ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചത്. ബാണാസുര ഡാം റിസർവ്വൊയറിൽ നിന്നും വെള്ളം തുറന്ന് വിട്ടതോടെയാണ് ഇവർ താമസിക്കുന്ന പ്രദേശം വെള്ളപ്പൊക്ക ഭീഷണിയിലാവുകയായിരുന്നു.