അരുന്ധതി റോയിയുടെ ‘മദർ മേരി കംസ് ടു മി’ പുസ്തകത്തിന്റെ കവർ പേജിൽ പുകവലി ചിത്രം; വിൽപ്പന നിരോധിക്കാനാവില്ലെന്ന് ഹെെക്കോടതി

അരുന്ധതി റോയിയുടെ ‘മദർ മേരി കംസ് ടു മി’ എന്ന പുസ്തകത്തിന്റെ കവർ പേജിൽ പുകവലി ചിത്രം ഉൾപ്പെടുത്തിയതിനെ തുടർന്ന് വിൽപ്പന നിരോധിക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. പൊതുതാൽപര്യ ഹർജി വ്യക്തിപരമായ അധിക്ഷേപത്തിനായോ സ്വപ്രചാരണത്തിനായോ ഉപയോഗിക്കരുതെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.
എഴുത്തുകാരി പുകവലി ചെയ്യുന്ന ചിത്രം കവർ പേജിൽ ഉൾപ്പെടുത്തിയിട്ടും “പുകവലി ആരോഗ്യത്തിന് ഹാനികരം” എന്ന മുന്നറിയിപ്പ് ചേർക്കാത്തത് നിയമലംഘനമാണെന്നാരോപിച്ച് അഡ്വ. രാജസിംഹൻ നൽകിയ ഹർജിയായിരുന്നു പരിഗണനയിൽ.
പുകവലി നിയന്ത്രണ നിയമമായ ‘കോട്‌പ’ പ്രകാരം ഇത്തരത്തിലുള്ള പരാതികൾ പരിശോധിക്കാനുള്ള വിദഗ്ധ സ്റ്റിയറിംഗ് കമ്മിറ്റിയുണ്ടെന്നും, അതിനെ സമീപിക്കാതെ നേരിട്ട് ഹൈക്കോടതിയെ സമീപിച്ചതിനാൽ ഹർജി നിലനിൽപ്പില്ലെന്നും കോടതി വ്യക്തമാക്കി. പുസ്തകത്തിലെ നിരാകരണ കുറിപ്പും നിലവിലുള്ള നിയമ വ്യവസ്ഥകളും പരിഗണിക്കാതെ ഹർജിക്കാരൻ കോടതിയെ സമീപിച്ചതായും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു.
Tag: Arundhati Roy’s book ‘Mother Mary Comes to Me’ has a smoking image on its cover; High Court says sale cannot be banned