എറണാകുളം തൃക്കാക്കരയിൽ മദ്യലഹരിയിൽ വാഹന പരിശോധന നടത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
എറണാകുളം തൃക്കാക്കരയിൽ മദ്യലഹരിയിൽ വാഹന പരിശോധന നടത്തിയ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ബിനു എൻ എസിനെ സസ്പെൻഡ് ചെയ്തു. വകുപ്പുതല അന്വേഷണം ആരംഭിക്കണമെന്നു ഗതാഗത കമ്മീഷണർ ഉത്തരവിട്ടിട്ടു.
സംഭവം ബുധനാഴ്ച രാത്രി പത്തു മണിയോടെ തൃക്കാക്കര തോപ്പിൽ ജങ്ഷനിലാണ് ഉണ്ടായത്. മത്സ്യം വിൽപ്പന നടത്തിയിരുന്ന ഒരു കുടുംബത്തിൽ നിന്ന് പിഴ ഈടാക്കാൻ ശ്രമിക്കുന്നതിനിടെ ഉദ്യോഗസ്ഥൻ മദ്യലഹരിയിലാണെന്ന് നാട്ടുകാർക്ക് മനസ്സിലായി. അവർ പൊലീസിനെ വിവരം അറിയിച്ചു.
സംഭവസ്ഥലത്ത് ഒരു ഓട്ടോറിക്ഷ നിർത്തിയിരുന്നതിനെ കുറിച്ച് ഉദ്യോഗസ്ഥൻ ചോദ്യം ചെയ്തപ്പോൾ അത് തന്റെ ഭർത്താവിന്റേതാണെന്ന് യുവതി പറഞ്ഞു. യാത്രക്കാരെ കയറ്റേണ്ട വാഹനത്തിൽ ചരക്കുകൾ കയറ്റിയെന്നാണ് പരാതി, അതിനാൽ 3,000 രൂപ പിഴ അടയ്ക്കണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു.
എന്നാൽ, ഉദ്യോഗസ്ഥന്റെ സംശയാസ്പദമായ പെരുമാറ്റം കണ്ട നാട്ടുകാർ ഇടപെട്ടു. ഇയാൾ യൂണിഫോം ധരിച്ചിരുന്നതുമില്ല, മദ്യലഹരിയിലാണെന്നും അവർ തിരിച്ചറിഞ്ഞു. വിവരം പൊലീസിനെ അറിയിച്ചപ്പോൾ സംഘം എത്തി നടത്തിയ പരിശോധനയിൽ മദ്യപിച്ചിട്ടുണ്ടെന്നത് സ്ഥിരീകരിക്കപ്പെട്ടു.
Tag: Motor Vehicle Inspector suspended for inspecting a vehicle while intoxicated in Thrikkakara, Ernakulam