കവളപ്പാറ ദുരന്തത്തിന് ഇന്ന് ഒരു വയസ്സ്. ദുരന്ത ഭൂമിയിൽ മണ്മറഞ്ഞ പ്രിയപ്പെട്ടവർക്കായി പൂക്കൾ അർപ്പിക്കുമ്പോൾ കവളപ്പാറ നിവാസികളുടെ മിഴികളിൽ ഇന്നും കണ്ണീരിൽ കുതിർന്ന ഓർമ്മകളുടെ നിഴൽ ബാക്കി.

കവളപ്പാറ ദുരന്തത്തിന് ഇന്ന് ഒരു വയസ്സ്. ദുരന്ത ഭൂമിയിൽ മണ്മറഞ്ഞ പ്രിയപ്പെട്ടവർക്കായി പൂക്കൾ അർപ്പിക്കുമ്പോൾ കവളപ്പാറ നിവാസികളുടെ മിഴികളിൽ നിന്നും കണ്ണീരിൽ കുതിർന്ന ഓർമ്മകളുടെ നിഴൽ കാണാം.
2019 ഓഗസ്റ്റ് എട്ടിനാണ് 59 പേരുടെ ജീവനെടുത്ത കവളപ്പാറ ദുരന്ത ഭൂമി ആയത്. ദിവസങ്ങൾ നീണ്ട തെരച്ചിലിന് ഒടുവിലും കണ്ടെത്താൻ കഴിയാത്ത 11 പേർ ഇന്നും ആ മണ്ണിൽ ഉറങ്ങുന്നുണ്ട്. പ്രിയപ്പെട്ടവർ ഉറങ്ങുന്ന മണ്ണിൽ നിർമ്മിച്ച സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുമ്പോൾ ആ ദിവസത്തെ നടുങ്ങുന്ന ഓർമ്മകളുടെ നിഴൽ കവളപ്പാറ നിവാസികളുടെ കണ്ണിൽ തെളിഞ്ഞുനിൽക്കുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റ് എട്ടിനാണ് കവളപ്പാറയിലെ മുത്തപ്പൻ കുന്ന് കവളപ്പാറ ഗ്രാമത്തിനുമേൽ ദുരന്തമായി പതിച്ചത്. രാത്രി എട്ടുമണിയോടെ ആണ് അപകടം ഉണ്ടായത് എങ്കിലും നിർത്താതെ ആർത്തു പെയ്ത മഴയിൽ ദുരന്തം പുറംലോകം അറിയുമ്പോഴേക്കും 45 ഓളം വീടുകൾ മണ്ണിൽ അമർന്നു 59 ജീവനുകൾ പൊലിഞ്ഞിരുന്നു. ചാലിയാർ പുഴ കരകവിഞ്ഞൊഴുകിയത് രക്ഷാ കരങ്ങൾ കവളപ്പാറ യിലേക്ക് എത്തുന്നതിന് തടസ്സമായി. ആദ്യദിനം നാട്ടുകാർ തുടങ്ങിവെച്ച രക്ഷാപ്രവർത്തനം ദേശീയ ദുരന്ത നിവാരണ സേന ആണ് പിന്നീട് മുന്നോട്ടു കൊണ്ടുപോയത്. ഉരുൾപൊട്ടലിൽ തുടർന്ന് ചാലിയാർ പുഴ കരകവിഞ്ഞൊഴുകി പ്രദേശത്തെ കൂടുതൽ ദുരിതത്തിലാക്കി.
ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തിയത് എട്ടിക്കുളത്തെ മസ്ജിദുൽ മുജാഹിദീൻ പള്ളിയിൽ വച്ചായിരുന്നു. ആ വെള്ളിയാഴ്ച ബസ്റ്റാൻഡിൽ മുസല്ല വിരിച്ച് വിശ്വാസികൾ പ്രാർത്ഥിക്കുമ്പോൾ മതവും ജാതിയും മറന്ന് ദുരന്തമുഖത്ത് നാട് ഒന്നിച്ച് കാഴ്ചയായി കേരളം മാറി. കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും നിരവധി സഹായങ്ങളാണ് നിലമ്പൂരിലേക്ക് എത്തിയത്. ഒരു വർഷം പിന്നിടുമ്പോഴും ഇന്നും ദുരന്ത ഭൂമിയിലെ കണ്ണീർ ഉറവ മാത്രം വറ്റാതെ ബാക്കിയാകുന്നു.