ഹാരിസണ്‍ മലയാളം കമ്പനിക്കെതിരായ വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം
കൊച്ചി: കൊളോണിയല്‍ സംസ്‌കാരത്തിന്റെ അവസാനിക്കാത്ത നാമ്പായ ഹാരിസണ്‍സ് മലയാളം കമ്പനിയെ സന്തോഷിപ്പിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ നീക്കം. ഹാരിസണിനെതിരായ വിജിലന്‍സ് അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കം നടക്കുന്നത്. ഇതിലൂടെ കമ്പനിയുടെ പക്കലുള്ള ആധാരങ്ങള്‍ക്ക് സാധുത കൈവരാനുള്ള സാധ്യത കൂടും. ഇത്തരം ഗൂഢനീക്കത്തിനെതിരെ 12ന് ഭൂസമരസമിതി സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ നടത്തും. വിവിധ അന്വേഷണ കമ്മീഷനുകള്‍ ഹാരിസണ്‍ മലയാളം കമ്പനിക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ക്കൊപ്പം വിജിലന്‍സ്- ക്രൈംബ്രാഞ്ച് അന്വേഷണവും അട്ടിമറിച്ച് കമ്പനിയെ പൂര്‍ണമായും ആരോപണമുക്തമാക്കാനാണ് ചിലരുടെ നീക്കം.
സുബിത മേനോന്‍ സമിതി റിപ്പോര്‍ട്ട്, നിവേദിത പി. ഹരന്‍ റിപ്പോര്‍ട്ട്, ജസ്റ്റിസ് എല്‍. മനോഹരന്‍ സമിതി റിപ്പോര്‍ട്ട്, സജിത് ബാബു കമ്മീഷന്‍ റിപ്പോര്‍ട്ട്, എം.ജി. രാജമാണിക്യം റിപ്പോര്‍ട്ട് എന്നിവയെല്ലാം ഇപ്പോഴും പൊടിപിടിച്ചു കിടക്കുകയാണ്. റിപ്പോര്‍ട്ടുകള്‍ക്കനുസരിച്ച് ഒരു ചെറുവിരല്‍ പോലും അനക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. കമ്പനിക്കെതിരെയുള്ള കേസ് പിന്‍വലിക്കണമെന്ന് കഴിഞ്ഞവര്‍ഷം ഡിസംബറില്‍ വിജിലന്‍സ് കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. 74,000 ഏക്കര്‍ ഭൂമിയാണ് ഹാരിസണ്‍സ് മലയാളം കമ്പനി കൈവശം വച്ചിരുന്നത്. ഇപ്പോള്‍ അത് 59,000 ഏക്കര്‍ ആയി ചുരുങ്ങി. 15,000 ഏക്കര്‍ അനധികൃതമായി കമ്പനി വില്‍ക്കുകയാണ് ചെയ്തതെന്ന് റവന്യൂ വകുപ്പ് മുന്‍ പ്ലീഡര്‍ സുശീല ഭട്ട് ചൂണ്ടിക്കാണിച്ചു.
ശേഷിച്ച ഭൂമിയും കമ്പനിക്ക് തീരെഴുതി നല്‍കാനുള്ള നീക്കമാണ് നടക്കുന്നത്. ഹൈദരാബാദിലെ ഫോറന്‍സിക് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. അപര്‍ണ ഒപ്പിട്ട റിപ്പോര്‍ട്ട് പോലും കോടതിയില്‍ ഹാജരാക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത് അട്ടിമറിനീക്കത്തിന്റെ ഭാഗാമാണെന്നു ഭൂസമരവേദി കണ്‍വീനര്‍മാരായ എസ്. ബാബുജിയും എം.പി. കുഞ്ഞിക്കണാരനും ആരോപിച്ചു. ഹാരിസണിനെതിരേ വിവിധ കോടതികളിലുള്ള കേസുകള്‍ വിചാരണ ഘട്ടത്തിലാണ്. ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പ് ഏഴ് കേസുകള്‍ കോടതിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 42 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്യാനിരിക്കെയാണ് പ്രമാണരേഖ കെട്ടിച്ചമച്ചതിനും ആയിരക്കണക്കിന് ഏക്കര്‍ വിറ്റതിനുമെതിരായ കേസ് പിന്‍വലിക്കാനുള്ള നീക്കം.
ഹാരിസണ്‍സ് കൈവശംവച്ചിരിക്കുന്ന ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച് ഹാജരാക്കിയ രേഖ (1923 ലെ 1600-ാം നമ്പര്‍ പ്രമാണം) വ്യാജമാണന്നു 2013ല്‍ വിജിലന്‍സ് ഡിവൈഎസ്പിയായിരുന്ന എന്‍. നന്ദനന്‍ പിള്ള സമര്‍പ്പിച്ച എഫ്ഐആറില്‍ തെളിവുകള്‍ സഹിതം ചൂണ്ടിക്കാട്ടിയിരുന്നു. ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ പ്രമാണത്തിലെ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുകളും കണ്ടെത്തുകയും ചെയ്തു. സ്റ്റാന്‍ഡേര്‍ഡ് മുദ്രകള്‍, രേഖകള്‍ തയാറാക്കിയ കടലാസിന്റെ കാലപ്പഴക്കത്തിലുള്ള വ്യത്യാസം, പ്രമാണത്തിലെ ഭാഷ തുടങ്ങി 63 കാര്യങ്ങളിലെ കൃത്രിമം ഈ പരിശോധനയിലൂടെ പുറത്തുവന്നു. ഇത്തരത്തിലുള്ള വ്യാജരേഖ കേസില്‍ തുടര്‍നടപടി ഉപേക്ഷിക്കാനുള്ള നീക്കമാണ് റവന്യൂ വകുപ്പ് പോലും അറിയാതെ ഇപ്പോള്‍ നടക്കുന്നത്.