താലിബാന്റെ ലഹരി ഇടപാടിന് ഇന്ത്യയെ ഇടത്താവളമാക്കാന്‍ നീക്കം
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തില്‍ വട്ടം തിരിയുമ്പോള്‍ വരുമാനമായി മയക്കുമരുന്ന് വ്യാപാരം വ്യാപിപ്പിക്കാന്‍ സാധ്യത. താലിബാന്റെ തണലില്‍ ഹെറോയിന്‍ അടക്കമുള്ള മയക്കുമരുന്നുകള്‍ കയറ്റി അയയ്ക്കാന്‍ രാജ്യാന്തരമാഫിയ പരിശ്രമം തുടങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനായി ഇവര്‍ ഇന്ത്യയില്‍ ചില ഇടത്താവളങ്ങള്‍ കണ്ടെത്തിയേക്കുമെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ട്.
ഗുജറാത്ത് തീരപ്രദേശത്തുനിന്നും കഴിഞ്ഞദിവസം 3000 കിലോ വന്‍തോതില്‍ ഹെറോയിന്‍ പിടികൂടിയത് ഇതിന്റെ സൂചനയാണെന്നാണ് വിലയിരുത്തല്‍. അഫ്ഗാനിസ്ഥാനില്‍ ഉത്പാദിപ്പിക്കുന്ന ഹെറോയിന്‍ ഇന്ത്യയിലേക്കു കടത്താന്‍ ആസൂത്രിതമായി നീക്കങ്ങള്‍ നടക്കുന്നതായി നാര്‍ക്കോടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ്, ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് എന്നീ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാനിലൂടെ കടല്‍മാര്‍ഗം ഇന്ത്യയില്‍ ലഹരി വസ്തുക്കള്‍ എത്തിക്കാനാണു മാഫിയകളുടെ ശ്രമം.
താലിബാന്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള പണം കണ്ടെത്തിയിരുന്നത് മയക്കുമരുന്ന് വില്‍പനയിലൂടെയായിരുന്നു. താലിബാന്‍ ഭരിച്ചിരുന്ന കേന്ദ്രങ്ങളിലായിരുന്നു അന്നെല്ലാം ഉത്പാദനം നടന്നിരുന്നത്. കറുപ്പിന്റെ ഏറ്റവും വലിയ നിര്‍മാതാക്കളാണ് അഫ്ഗാനിസ്ഥാന്‍. കറുപ്പില്‍ നിന്ന് ഹെറോയിന്‍ ഉത്പാദിപ്പിക്കുന്ന നിരവധി ലാബുകള്‍ അഫ്ഗാനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. താലിബാന്റെ വാര്‍ഷിക വരുമാനത്തില്‍ 60 ശതമാനത്തിലധികം തുക ലഹരിവസ്തു ഇടപാടുകളില്‍നിന്നു ലഭിക്കുന്നതാണെന്നാണ് പല റിപ്പോര്‍ട്ടുകളും പറയുന്നത്.
തങ്ങളുടെ ഉത്പന്നം സൂക്ഷിക്കാന്‍ അവര്‍ ഇന്ത്യയെ ഇടത്താവളമാക്കുകയാണ്. മുന്ദ്ര തുറമുഖത്ത് പിടിച്ച 3000 കിലോ ഹെറോയിന്‍ അഫ്ഗാനിസ്ഥാനില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആന്ധ്രയിലെ വിജയവാഡ കേന്ദ്രമാക്കിയ ഒരു തട്ടിപ്പ് കമ്പനിയാണ് 20,900 കോടിയുടെ ഹെറോയിന്‍ എത്തിക്കാന്‍ മറയാക്കിയതെന്ന് സംശയമുണ്ട്. കഴിഞ്ഞദിവസമാണ് മുദ്ര തുറമുഖത്ത് എത്തിയ കണ്ടെയ്‌നറുകളില്‍ ടാല്‍കം പൗഡറാണെന്ന വ്യാജേനയെത്തിച്ച ലഹരിമരുന്ന് പിടികൂടിയത്.
മലയാളത്തില്‍ കറുപ്പ് എന്നും ഇംഗ്ലീഷില്‍ ഓപ്പിയം എന്നും ഉര്‍ദുവില്‍ അഫീം എന്നും പറയുന്ന വസ്തു, കുപ്രസിദ്ധമായ ഒരു ലഹരിപദാര്‍ഥമാണ്. ഇതേ ചെടിയില്‍ നിന്നാണ് നമ്മള്‍ പാചകത്തിനുപയോഗിക്കുന്ന കസ്‌കസ് എന്നുപറയുന്ന സാധനം കിട്ടുന്നത്. ഈ ചെടിയുടെ വിത്താണ് കസ്‌കസ്. ഇതേ ചെടിയുടെ പൂക്കള്‍ കൊഴിഞ്ഞു വീണശേഷം ബാക്കി നില്‍ക്കുന്ന വിത്തുകളടങ്ങിയിരിക്കുന്ന ഞെട്ടിന്റെ പുറംന്തോടില്‍ നിന്ന് ശേഖരിക്കുന്ന കറയില്‍ നിന്നാണ് കറുപ്പ് എന്ന ലഹരി വേര്‍തിരിച്ചെടുക്കുന്നത്. ഇന്ത്യയിലെ താലിബാന്‍ അനുകൂലികള്‍ ഇതിനായി പിന്തുണ നല്‍കുന്നുണ്ടോ എന്ന കാര്യം അന്വേഷണ ഏജന്‍സികള്‍ നിരീക്ഷിച്ചുവരികയാണ്.
ഗുജറാത്ത് വഴി തങ്ങളുടെ ഓപ്പറേഷന്‍ നടന്നില്ലെങ്കില്‍ ലക്ഷദ്വീപിലെത്തിച്ച് അവിടെനിന്നും കേരളം വഴി കടത്താനും സാധ്യത വിരളമല്ല. ശ്രീലങ്കയില്‍ നിന്നും മയക്കുമരുന്നുമായി എത്തിയ കുറച്ചാളുകള്‍ അടുത്തിടെ പിടിക്കപ്പെട്ടിരുന്നു. കേരളം ചില തീവ്രവാദസംഘടനകളുടെ റിക്രൂട്ടിംഗ് സെന്ററാണെന്ന കാര്യം വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ കേരളത്തിലും മയക്കുമരുന്ന് മാഫിയ പിടിമുറിക്കക്കൂടായ്കയില്ല.
കശ്മീര്‍ പ്രക്ഷോഭത്തിന് നടന്ന ഫണ്ടിംഗ് സ്വരൂപിച്ചതുപോലെ താലിബാനുവേണ്ടിയും ഫണ്ട് സ്വരൂപിക്കാന്‍ കേരളത്തില്‍ സാധ്യതയുണ്ട്. മാവോയിസ്റ്റുകളും തീവ്രവാദികളും തമ്മില്‍ ബന്ധമുണ്ടെന്ന കാര്യം അന്വേഷണ ഏജന്‍സികള്‍ സ്ഥിരീകരിച്ചതാണ്. ഈ ബന്ധം കൂടി ഉപയോഗിച്ച് കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ വനങ്ങള്‍ക്കു നടുവില്‍ ലഹരിമരുന്ന് സംഭരിക്കാനുള്ള സാധ്യത ഏറെയെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.