റിസര്‍വ് ബാങ്ക് സഹകരണ മേഖലയില്‍ പിടിമുറുക്കുന്നു
ന്യൂഡല്‍ഹി: രാജ്യത്തെ സഹകരണ മേഖലയില്‍ റിസര്‍വ് ബാങ്ക് പിടിമുറുക്കുന്നു. ഇനി മുതല്‍ സഹകരണ സംഘങ്ങള്‍ ബാങ്ക് എന്ന പദം ഉപയോഗിക്കരുതെന്ന് ആര്‍ബിഐ ഉത്തരവിട്ടു. പൊതുജനങ്ങള്‍ ഇതിനെതിരെ ജാഗ്രത പുലര്‍ത്തുകയും വേണമെന്നും ആര്‍ബിഐ നിര്‍ദേശമുണ്ട്. 1949ലെ ബാങ്കിംഗ് റെഗുലേഷന് നിയമത്തിലെ 2020ലെ ഭേദഗതി പ്രകാരം സഹകരണ സൊസൈറ്റികള്‍ക്ക് ബാങ്ക്, ബാങ്കര്‍, ബാങ്കിംഗ് എന്ന പദങ്ങള്‍ ഉപയോഗിക്കാന്‍ അവകാശമില്ല. ചില സഹകരണ സംഘങ്ങള്‍ ഈ പദങ്ങള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത് ബാങ്കിംഗ് റെഗുലേഷന് നിയമനത്തിന്റെ ലംഘനമാണെന്നും ആര്‍ബിഐ വ്യക്തമാക്കി.
മറ്റൊരു സുപ്രധാന നിര്‍ദേശം മെംബര്‍മാരല്ലാത്തവരില്‍ നിന്നും നോമിനല്‍, അസോസിയേറ്റ് മെംബര്‍മാരില്‍ നിന്നും നിക്ഷേപം സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്നാണ്. സഹകരണ സൊസൈറ്റികളിലെ നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്‍ഷൂറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്പ്പറേഷന് നല്കുന്ന ഇന്‍ഷൂറന്‍സ് ലഭ്യമാവുകയില്ലെന്നും ആര്‍ബിഐ പറയുന്നു. വോട്ടവകാശമില്ലാത്ത അംഗങ്ങളില്‍നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതോടെ സംസ്ഥാനത്തെ 1625 പ്രാഥമിക സഹകരണ ബാങ്കുകളുടെയും 15,000ത്തോളം വരുന്ന സഹകരണ സംഘങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കും.
2020 സെപ്റ്റംബര്‍ 29ന് ഈ നിയമം നിലവില്‍വന്നെങ്കിലും കേരളത്തില്‍ നടപ്പാക്കിയിട്ടില്ല. കേരളത്തിലെ സഹകരണ ബാങ്കുകളിലും സംഘങ്ങളിലും ഭൂരിപക്ഷം അംഗങ്ങളും നോമിനല്‍, അസോസിയേറ്റ് അംഗങ്ങളാണ്. 1000 കോടിക്കു മുകളില്‍ നിക്ഷേപമുള്ള പ്രാഥമിക സഹകരണ ബാങ്കുകളിലടക്കം ആയിരത്തില്‍ താഴെ അംഗങ്ങള്‍ക്കു മാത്രമേ വോട്ടവകാശമുള്ളൂ. കേരളത്തിലെ സഹകരണ നിയമം അനുസരിച്ച് നോമിനല്‍, അസോസിയേറ്റ് അംഗങ്ങളെയും അംഗങ്ങളായി തന്നെയാണ് നിര്‍വചിച്ചിട്ടുള്ളത്. വോട്ടവകാശം അടക്കമുള്ള ചിലതില്‍ മാത്രമാണ് നിയന്ത്രണമുള്ളത്. ഇത് സംഘത്തിന്റെ നിലനില്പിന് അനിവാര്യവുമാണ്.
സഹകരണം സംസ്ഥാന വിഷയമായതിനാല്‍ ബാങ്കിംഗ് നിയന്ത്രണ നിയമത്തില്‍ സഹകരണ സംഘങ്ങളുടെ അംഗങ്ങളെക്കുറിച്ച് നിര്‍വചനമില്ല. ഇത് നിലനില്‍ക്കേയാണ് നോമിനല്‍, അസോസിയേറ്റ് അംഗങ്ങളെ സഹകരണ സംഘങ്ങളുടെ അംഗങ്ങളായി പരിഗണിക്കാനാവില്ലെന്ന ഉത്തരവിറക്കുന്നത്. സംസ്ഥാനത്ത് സഹകരണ ബാങ്കുകളുടെ മറവില്‍ ഒരുപാട് കള്ളപ്പണം വെളുപ്പിക്കല്‍ നടക്കുന്നതായി ആരോപണമുണ്ട്. ഇതിനെതിരെ പിടിമുറുക്കുന്ന ആര്‍ബിഐ നയം പ്രാവര്‍ത്തികമായാല്‍ സഹകരണ സംഘങ്ങളിലൂടെ ഫണ്ട് സ്വരൂപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടിയാവും. അതിനാല്‍ ഈ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ട്.