കോവിഡ് ബാധിച്ചു മരിച്ച വയോധികന്റെ മൃതദേഹം നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അര്‍ധരാത്രിയിൽ കനത്ത പോലീസ് കാവലിൽ സംസ്‌കരിച്ചു.

കോവിഡ് ബാധിച്ചു മരിച്ച വയോധികന്റെ മൃതദേഹം നാട്ടുകാരുടെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അര്‍ധരാത്രിയിൽ വൻ പോലീസ് സന്നാഹത്തോടെ സംസ്‌കരിച്ചു. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളജില്‍ മരിച്ച ചുങ്കം സി.എം.എസ്. കോളജ് ഭാഗത്തു നടുമാലില്‍ ഔസേഫ് ജോര്‍ജിന്റെ (83) സംസ്‌കാരമാണ് ഞായറാഴ്ച രാത്രി കനത്ത പോലീസ് കാവലിൽ മുട്ടമ്പലം വൈദ്യുതി ശ്‌മശാനത്തില്‍ നടത്തിയത്.
പോലീസിന്റെയും റവന്യൂ ഉദ്യോഗസ്‌ഥരുടെയും നേതൃത്വത്തിലാണ് മൃതദേഹം സംസ്‌കരിച്ചത്. നാട്ടുകാര്‍ പ്രതിഷേധവുമായി എത്താനുള്ള സാഹചര്യം കണക്കിലെടുത്ത് സ്‌ഥലത്ത് പോലീസ് വന്‍ സുരക്ഷ ഒരുക്കുകയായിരുന്നു. കോവിഡ് ബാധിതന്റെ മൃതദേഹം മുട്ടമ്പലം ശ്‌മാശനത്തില്‍ സംസ്‌കരിക്കാന്‍ സമ്മിക്കില്ലെന്ന് പറഞ്ഞു പ്രദേശവാസികളും സ്‌ഥലത്തെ ബി.ജെ.പി. നേതൃത്വവും മണിക്കൂറുകള്‍ സമരം നടത്തിയിരുന്നു.
ചുങ്കം സി.എസ്.ഐ. പള്ളി സെമിത്തേരിയിലായിരുന്നു ആദ്യം സംസ്‌കാരം നടത്താൻ തീരുമാനിച്ചിരുന്നത്. അവിടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുള്ള സംസ്‌കാരം അസാധ്യമായതോടെ നഗരസഭയുടെ ഉടമസ്‌ഥതയിലുള്ള മുട്ടമ്പലം വൈദ്യുതി ശ്‌മശാനത്തില്‍ ഔസേഫ് ജോര്‍ജിന്റെ സംസ്‌കാരം നടത്താന്‍ ആരോഗ്യവിഭാഗം തീരുമാനിക്കുകയായിരുന്നു. വിവരം അറിഞ്ഞ് ബി.ജെ.പി. കൗണ്‍സിലര്‍ ടി.എന്‍. ഹരികുമാറിന്റെ നേതൃത്വത്തില്‍ സ്‌ത്രീകളടക്കമുള്ളവര്‍ ശ്‌മശാനത്തിലേക്കുള്ള റോഡ് അടച്ചു. തുടർന്ന് വന്‍പോലീസ് സംഘവും സ്‌ഥലത്തെത്തി.
നഗരസഭയും ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും ചേര്‍ന്നാണു തീരുമാനമെടുത്തതെങ്കിലും പ്രദേശവാസികളെ അറിയിച്ചില്ലെന്നായിരുന്നു പരാതി. തടഞ്ഞില്ലെങ്കില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ ഇവിടെയെത്തിച്ചു സംസ്‌കരിക്കുമെന്നും പ്രതിഷേധക്കാര്‍ ആരോപിക്കുകയുണ്ടായി. പോലീസ്
പിന്നീട് താല്‍ക്കാലിക ഗേറ്റ് അഴിച്ചു മാറ്റി. ചര്‍ച്ച നടത്തിയെങ്കിലും പ്രതിഷേധക്കാര്‍ വഴങ്ങാൽ കൂട്ടാക്കിയില്ല.
തുടര്‍ന്നു തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ ആര്‍.ഡി.ഒയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെടുകയായിരുന്നു. രാത്രി പന്ത്രണ്ടിനു ശേഷം സംസ്‌കാരം നടത്താന്‍ തീരുമാനിച്ചെങ്കിലും നാട്ടുകാർ സമ്മതിച്ചില്ല. രണ്ടു മണിക്കൂര്‍ നീണ്ട ചര്‍ച്ച ഫലം കാണാതെ വന്നപ്പോൾ സംസ്‌കാരം മാറ്റിവച്ചതായി അധികൃതര്‍ അറിയിക്കുകയായിരുന്നു. എല്ലാവരും ഇതോടെ പിരിഞ്ഞുപോയി. രാത്രി പതിനൊന്നോടെ വന്‍സന്നാഹങ്ങളുമായി പെട്ടെന്നെത്തിയ പോലീസ്, റവന്യൂ വിഭാഗം സംസ്‌കാരം പിന്നീട് നടത്തുകയായിരുന്നു. രാത്രിയില്‍ പ്രതിഷേധിക്കാന്‍ വന്നതുമില്ല.
മുന്‍ നഗരസഭ ജീവനക്കാരനായ ഔസേഫ് വീണു പരുക്കേറ്റതിനെത്തുടര്‍ന്നു മാസങ്ങളായി ചികിത്സയിലായിരുന്നു. ശാരീരിക അസ്വസ്‌ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ ന്യുമോണിയ സ്‌ഥിരീകരിച്ചു. വെള്ളിയാഴ്‌ച ഉച്ചയോടെ വീട്ടിലേക്കു മടങ്ങി. രോഗം മൂര്‍ച്‌ഛിച്ചതിനെത്തുടര്‍ന്ന് ഇതേ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. എന്നാല്‍, മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെത്തിച്ചു പത്തു മിനിറ്റിനുള്ളില്‍ മരണം സംഭവിച്ചു. മൈക്രോ ബയോളജി വിഭാഗത്തില്‍ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിനു കോവിഡ് സ്‌ഥിരീകരിക്കുന്നത്. തുടര്‍ന്നു സ്രവ സാമ്പിൾ ശേഖരിച്ചു വീണ്ടും പരിശോധന നടത്തി. രണ്ടാമത്തെ പരിശോധനയിലും ഫലം പോസിറ്റീവായി. ഭാര്യ: പരേതയായ അമ്മിണി. മക്കള്‍: ശാന്തമ്മ, പരേതയായ രാഗിണി, മറിയാമ്മ, ഉഷ, പരേതയായ ഷീല. മരുമക്കള്‍: അച്ചന്‍കുഞ്ഞ്, കുട്ടപ്പന്‍, കൊച്ചുമോന്‍, പരേതനായ ശശി.