മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് തലവൻ മുകേഷ് അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ. ചൈനീസ് വ്യവസായിയായ ഴോംഗ് ഷാൻഷനിനെയാണ് അംബാനി മറികടന്നത്. ബ്ലൂംബെർഗിൻറെ ശതകോടീശ്വര സൂചികയിലാണ് ഈ വിവരങ്ങൾ നൽകിയിരിക്കുന്നത്.
ചൈനയിലെ വലിയ കുപ്പിവെള്ള കമ്പനി ഉടമയായ ഴോംഗിൻറെ കമ്പനിയുടെ ഓഹരികൾ കഴിഞ്ഞയാഴ്ച്ച ഭീമൻ ഇടിവ് നേരിട്ടിരുന്നു. 20 ശതമാനമായിരുന്നു അദ്ദേഹത്തിൻറെ കമ്പനിയുടെ ഓഹരി തകർച്ച നേരിട്ടത്. അതോടെ അംബാനി മുന്നിലെത്തുകയും ചെയ്തു.
നേരത്തെ, ഏഷ്യയിലെ കോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാമതായിരുന്ന മുകേഷ് അംബാനിക്ക് 2020 അവസാനത്തിലാണ് കാലിടറിയത്. 82.8 ബില്യൺ ഡോളറാണ് മുകേഷ് അംബാനിയുടെ നിലവിലെ ആസ്തി. കഴിഞ്ഞ വർഷം 90 ബില്യൺ ഡോളർ ആയിരുന്നു. 6.62 ലക്ഷം കോടിയാണ് ഒരു വർഷത്തിനിടെ ആസ്തിയിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
76.6 ബില്യൺ ഡോളറാണ് ഴോംഗിൻറെ നിലവിലെ ആസ്തി. കഴിഞ്ഞ ഒരാഴ്ച്ച കൊണ്ട് 22 ബില്യൺ കുറവ് രേഖപ്പെടുത്തിയതോടെയാണ് അദ്ദേഹം രണ്ടാമതായത്.