CinemaLatest NewsMovieMusicWorld

366 ചിത്രങ്ങളിൽ ഒന്നായി സൂരറൈ പോട്ര്; ഓസ്‍കറിൽ പ്രാഥമിക ഘട്ടം കടന്നു

സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്‍ത തമിഴ് ചിത്രം ‘സൂരറൈ പോട്ര്’ ഓസ്‍കർ അവാർഡിന് മൽസരിക്കുന്ന വിവരം നിർമ്മാതാക്കൾ ജനുവരിയിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഒരു ഘട്ടം കൂടി കടന്ന് 93-ാമത് അക്കാദമി അവാർഡിനായി മത്സരിക്കാൻ ചിത്രം യോഗ്യത നേടി. ഇത്തവണ ഓസ്‍കർ മത്സരത്തിനായി തെരഞ്ഞെടുത്തിരിക്കുന്ന 366 ചിത്രങ്ങളിൽ ഒന്നായിരിക്കുകയാണ് സൂരറൈ പോട്ര്.

കൊവിഡ് പശ്ചാത്തലം പരിഗണിച്ച് സിനിമകൾക്ക് മത്സരിക്കാനുള്ള മാനദണ്ഡങ്ങളിൽ അക്കാദമി ചില അയവുകൾ വരുത്തിയിരുന്നു. ഇതാണ് സൂരറൈ പോട്രിനു മുന്നിൽ സാധ്യത തുറന്നത്. തിയറ്ററുകൾ ഏറെക്കുറെ അടഞ്ഞുകിടന്ന വർഷമാണ് കടന്നുപോയത് എന്നതിനാൽ ഡയറക്ട് ഒടിടി റിലീസുകൾക്കും ഇത്തവണ മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാൽ ഈ മാസം 28 മുതൽ യുഎസിലെ ആറ് പ്രധാന നഗരങ്ങളിലെ ഏതെങ്കിലും തിയറ്ററുകളിലോ ഡ്രൈവ് ഇൻ തിയറ്ററുകളിലോ അത്തരം ചിത്രങ്ങളും ഒരാഴ്ച പ്രദർശിപ്പിക്കണമെന്ന് നിയമാവലിയിലുണ്ട്. മാർച്ച് 5 മുതൽ 10 വരെ നടക്കുന്ന വോട്ടിംഗിനു ശേഷം 15ന് ഈ വർഷത്തെ നോമിനേഷനുകൾ പ്രഖ്യാപിക്കും. കഴിഞ്ഞ തവണ 344 ചിത്രങ്ങളായിരുന്നു മത്സരിക്കാൻ യോഗ്യത നേടിയത്.

ആഭ്യന്തര വിമാന സർവ്വീസ് ആയ എയർ ഡെക്കാണിൻറെ സ്ഥാപകൻ ജി ആർ ഗോപിനാഥിൻറെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സൂരറൈ പൊട്രു. അപർണ ബാലമുരളിയാണ് ‘ബൊമ്മി’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് സൂര്യയുടെ നായികയായി എത്തിയത്. ഏറെക്കാലത്തിനുശേഷം പ്രേക്ഷകർ ഏറ്റെടുത്ത സൂര്യ ചിത്രമായി മാറിയിരുന്നു സൂരറൈ പോട്ര്. ഉർവ്വശിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button