കൊല്ലത്ത് മുകേഷും ആറന്മുളയില്‍ വീണയും വീണ്ടും മത്സരിക്കും

കൊല്ലം/പത്തനംതിട്ട: കൊല്ലത്ത് നിലവിലെ എം എല്‍ എയും നടനുമായ മുകേഷിനെ വീണ്ടും മത്സരിപ്പിക്കാന്‍ സി പി എം ജില്ലാ സെക്രട്ടറിയേറ്റില്‍ ധാരണയായി. മുകേഷിന് രണ്ടാമൂഴം നല്‍കാന്‍ സി പി എം സംസ്ഥാന നേതൃത്വത്തോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ശുപാര്‍ശ ചെയ്തു. ഇരവിപുരത്ത് നിലവിലെ എം എല്‍ എ എം നൗഷാദിന് ഒരു ടേം കൂടി നല്‍കാനും ജില്ലാ നേതൃയോഗം തീരുമാനിച്ചു.
ചവറയില്‍ അന്തരിച്ച എം എല്‍ എ വിജയന്‍ പിളളയുടെ മകന്‍ ഡോ സുജിത് വിജയനെ മത്സരിപ്പിക്കാനാണ് ധാരണ. സുജിത്തിനെ സി പി എം ചിഹ്നത്തില്‍ മത്സരിപ്പിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. കുന്നത്തൂര്‍ സീറ്റ് ഏറ്റെടുക്കേണ്ടെന്നും, കോവൂര്‍ കുഞ്ഞുമോന്‍ മത്സരിച്ചാല്‍ പിന്തുണയ്‌ക്കാനും ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു.
കുണ്ടറയില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ഇളവ് നല്‍കാനും സി പി എം ജില്ലാ നേതൃയോഗം സംസ്ഥാന കമ്മിറ്റിയോട് ആഭ്യര്‍ത്ഥിച്ചു. മേഴ്‌സിക്കുട്ടിയമ്മയ്‌ക്ക് ഒരു ടേം കൂടി നല്‍കണമെന്ന് നിര്‍ദേശം ഉയര്‍ന്നു. ജി സുധാകരനും തോമസ് ഐസക്കിനും നല്‍കുന്നതുപോലെ മേഴ്‌സിക്കുട്ടിയമ്മയ്‌ക്കും ഇളവ് നല്‍കണമെന്നാണ് ആവശ്യം. മേഴ്‌സിക്കുട്ടിയമ്മയെ മാറ്റിയാല്‍ എസ് എല്‍ സജികുമാറിനെയോ ചിന്ത ജെറോമിനെയോ മണ്ഡലത്തില്‍ പരിഗണിക്കും.
കൊട്ടാരക്കരയില്‍ ഐഷാ പോറ്റിയെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കാനാണ് ധാരണ. കെ എന്‍ ബാലഗോപാലിന്റെ പേരും ഇവിടെ പരിഗണിക്കുന്നുണ്ട്. പട്ടികയിലെ ആദ്യ പേരുകാരനാകും ബാലഗോപാല്‍. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ് ബാലഗോപാല്‍. അതിനാല്‍ സെക്രട്ടറിയേറ്റ് അംഗങ്ങളില്‍ ആരൊക്കെ മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്. മൂന്നു തവണ മത്സരിച്ച ഐഷാപോറ്റി മത്സര രംഗത്തു നിന്നും ഒഴിവാകാന്‍ താത്പര്യം അറിയിച്ചിരുന്നു.
പത്തനംതിട്ട ജില്ലയിലും സി പി എം സ്ഥാനാര്‍ത്ഥികളുടെ സാദ്ധ്യതാ പട്ടികയായി. ആറന്മുളയിലും കോന്നിയിലും നിലവിലെ എം എല്‍ എമാരായ വീണ ജോര്‍ജിനെയും കെ യു ജനീഷ് കുമാറിനേയും വീണ്ടും മത്സരിപ്പിക്കാന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ ധാരണയായി. റാന്നി കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് വിട്ടുകൊടുക്കുന്നതില്‍ ജില്ലാ സെക്രട്ടറിയേറ്റില്‍ എതിര്‍പ്പുയര്‍ന്നു.
റാന്നി സീറ്റില്‍ വീണ്ടും രാജു എബ്രഹാമിനെ മത്സരിപ്പിക്കണമെന്നാണ് നിര്‍ദേശം ഉയര്‍ന്നത്. ഒരു തവണ കൂടി രാജു എബ്രഹാമിന് മത്സരിക്കാന്‍ അനുമതി കൊടുക്കണമെന്നും, അതിനായി മാനദണ്ഡത്തില്‍ ഇളവ് അനുവദിക്കണമെന്നുമാണ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗം ശുപാര്‍ശ ചെയ്‌തത്. തുടര്‍ച്ചയായി അഞ്ചു തവണ രാജു എബ്രഹാം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.