കേരളത്തില്‍ ബലിപെരുന്നാള്‍ ഇന്ന്
മക്ക: ഗള്‍ഫില്‍ ഇന്നലെ ബലിപെരുന്നാള്‍ ആഘോഷിച്ചു. കോവിഡ് വിപത്തിനിടയിലും ഹജിനായി ആചാരചടങ്ങുകള്‍ പൂര്‍ത്തിയാക്കിയാണ് തീര്‍ഥാടകര്‍ ബലിപെരുന്നാള്‍ നടത്തിയത്. കോവിഡ് ഇല്ലാത്ത ലോകത്തിനുവേണ്ടി പ്രാര്‍ഥിച്ച് കാരുണ്യ മലയായ ജബലുറഹ്മയില്‍ അണിനിരന്ന തീര്‍ഥാടകര്‍ ഹജ്ജിന്റെ സുപ്രധാന കര്‍മമായ അറഫ സംഗമം നടത്തി.
സൗദിയില്‍ താമസിക്കുന്ന നൂറിലേറെ മലയാളികളടക്കം 60,000 പേരാണ് ഹജ്ജിന് പങ്കെടുത്തത്. മിനായില്‍ സാത്താന്റെ പ്രതീകമായ ജംറയില്‍ ആദ്യ കല്ലേറുകര്‍മം നടത്തിയ ശേഷമാണു ഹജ് തീര്‍ഥാടകര്‍ മക്കയിലെത്തി കഅബ പ്രദക്ഷിണം, ബലിയര്‍പ്പണം, തലമുണ്ഡനം എന്നീ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയത്.
തുടര്‍ന്ന് തീര്‍ഥാടന വസ്ത്രം (ഇഹ്‌റാം) മാറ്റി പുതുവേഷമണിഞ്ഞ് പെരുന്നാള്‍ ആഘോഷങ്ങളിലേക്കു കടക്കുകയായിരുന്നു. ഇന്നും നാളെയും മിനായില്‍ താമസിച്ചു ഹാജിമാര്‍ കല്ലേറു കര്‍മം തുടരും.
അതേസമയം ഹജിന്റെ പവിത്രതയില്‍ ഇന്ന് കേരളത്തില്‍ പെരുന്നാള്‍ ആഘോഷിക്കുന്നു. കോവിഡ് മാനദഢം പാലിച്ച് മാത്രമേ പെരുന്നാള്‍ നടത്താവു എന്ന് സര്‍ക്കാര്‍ ഉത്തരവ് ഉള്ളതിനാല്‍ നിര്‍ദേശം പാലിച്ചായിരിക്കും പെരുന്നാള്‍ നടത്തുക.