മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകള്‍ തുറന്നു
ഇടുക്കി: ഇന്നലെ പെയ്ത കനത്ത മഴയെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകളുടെ ഷട്ടറുകള്‍ വീണ്ടും തുറന്നു. മുല്ലപ്പെരിയാര്‍ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റീമിറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഇതോടെ സെക്കന്റില്‍ 44,000 ലിറ്റര്‍ വെള്ളമാണ് ഇടുക്കിയിലേക്ക് ഒഴുകിയെത്തുന്നത്.
മുല്ലപെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇന്ന് രാവിലെ 8 മണി മുതല്‍ ഡാമിന്റെ വി3, വി4 എന്നീ രണ്ട് ഷട്ടറുകള്‍ തുറന്ന് 772 ക്യുസെക്സ് ജലം പുറത്തു വിടുമെന്ന് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ടെന്നും. ഈ സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഇടുക്കി ജില്ല കലക്ടര്‍ മുന്നറിയിപ്പ് നല്കി.
ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ രാവിലെ 10 മണിക്കാണ് തുറന്നത്. ഡാമിന്റെ ഒരു ഷട്ടര്‍ 40 സെന്റിമീറ്റര്‍ ഉയര്‍ത്തി 40 ക്യുമെക്സ് നിരക്കില്‍ വെള്ളം പുറത്തേക്ക് ഒഴുക്കി വിടുകയാണ്. ഒരു വര്‍ഷത്തില്‍ മൂന്നാം തവണ ഷട്ടര്‍ ഉയര്‍ത്തുന്നത് ചരിത്രത്തിലാദ്യമാണ്.
ഇടുക്കി ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഡാമിലെ ജലനിരപ്പ് അപ്പര്‍ റൂള്‍ ലെവലായ 2400.03 അടിക്ക് മുകളിലെത്തുന്നതിന് സാധ്യതയുള്ളതിനാല്‍ അധിക ജലം ക്രമീകരിക്കുന്നതിനായി രാവിലെ 10 മണി മുതല്‍ ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കി വിട്ടത്. ചെറുതോണി പെരിയാര്‍ എന്നീ പുഴകളുടെ ഇരുകരകളിലും താമസിക്കുന്ന ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കലക്ടര്‍ അറിയിച്ചു.