മുല്ലപ്പെരിയാര്‍: തമിഴ്‌നാടിന്റെ പ്രൊഫഷണലിസത്തെ നേരിടാനാവാതെ കേരളം
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച് സുപ്രീംകോടതിയിലും കേന്ദ്രസര്‍ക്കാരിനു മുന്നിലും തമിഴ്‌നാട് സ്വീകരിക്കുന്ന പ്രൊഫഷണല്‍ സമീപനം നേരിടാനാവാതെ കേരളം നാണം കെടുകയാണ്. അണക്കെട്ടിലെ വെള്ളത്തിന്റെ അളവിനെക്കുറിച്ചുപോലും അടിസ്ഥാനവിവരമില്ലാത്തവരെ കുത്തി നിറച്ച ഒരു നിരീക്ഷണ സമിതിയാണ് കേരളം പുതിയതായി രൂപീകരിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഈ നിരീക്ഷണ സമിതി സാങ്കേതികമികവില്ലാത്ത നോക്കുകുത്തിയായി മാറുകയാണ്.
ഭരണതലത്തിലെ പാളിച്ചകളും സാങ്കേതികവിദഗ്ധരില്ലാത്തതുമാണു മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിനു തുടക്കം മുതല്‍ തിരിച്ചടിയായത്. പുതിയ നിരീക്ഷണസമിതിയെ നിയോഗിച്ചത് ആരോപണങ്ങളില്‍നിന്നു മുഖം രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രം മാത്രമാണ്. നദീജലപ്രശ്നങ്ങളില്‍ നിയമധാരണയില്ലാത്തതും സാങ്കേതികവിദഗ്ധരുടെ അഭാവവുമാണു കേരളം നേരിടുന്ന പ്രശ്നങ്ങള്‍. വകുപ്പ് സെക്രട്ടറിമാരും കെഎസ്ഇബി ചെയര്‍മാനും അന്തര്‍സംസ്ഥാന നദീജല ചീഫ് എന്‍ജിനീയറുമാണു സമിതിയംഗങ്ങള്‍. ഊര്‍ജം, നദീജലവിഷയങ്ങളിലെ വിദഗ്ധരും നിയമജ്ഞരും ഈ സമിതിയില്‍ ഇല്ല.
മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ നദീജലപ്രശ്നങ്ങള്‍ തികച്ചും പ്രൊഫഷണലായാണ് തമിഴ്നാട് കൈകാര്യം ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തമിഴ്നാടിന്റെ പക്കലുള്ളപ്പോള്‍, കേരളത്തിന്റെ പക്കല്‍ യാതൊരു വിവരങ്ങളുമില്ലാത്തതാണു 2014ല്‍ കോടതിവിധി എതിരാകാന്‍ കാരണം. സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതിയില്‍ തമിഴ്നാട് പ്രൊഫഷണലുകളെ പ്രതിനിധികളാക്കി.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ആ ജലം ഇടുക്കി അണക്കെട്ട് താങ്ങുമെന്ന കേരളത്തിന്റെ പ്രതിനിധിയുടെ അഭിപ്രായവും തമിഴ്നാടിന് അനുകൂലമായി. അതേ പാളിച്ചയാണു മരംമുറിക്കല്‍ വിഷയത്തില്‍ ഇപ്പോഴുണ്ടായത്. 2014ലെ കോടതിവിധിയില്‍ കേരളത്തിനു ലഭിച്ച ഏകനേട്ടം മേല്‍നോട്ടസമിതി രൂപീകരണമാണ്. എന്നാല്‍ അതിലും വിദഗ്ധരെ ഉള്‍ക്കൊള്ളിക്കാനായില്ല.മുല്ലപ്പെരിയാറില്‍നിന്ന് എത്ര വെള്ളമാണു തമിഴ്നാട് കൊണ്ടുപോകുന്നതെന്നോ എവിടെനിന്നാണ് അളക്കുന്നതെന്നോ പോലും കേരളത്തിനറിയില്ല. തമിഴ്നാട് നല്‍കുന്ന കണക്ക് മാത്രമാണുള്ളത്.