മുല്ലപ്പെരിയാര്‍: പുതിയ ഡാം വേണമെന്ന് കേരളം സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: നിലവിലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീകമ്മീഷന്‍ ചെയ്ത് പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് ഉണ്ടാക്കുന്ന മഹാദുരന്തം ചിന്തിക്കാവുന്നതിലും അപ്പുറമാണ്. അഞ്ച് ജില്ലകളിലെ 30 ലക്ഷം ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് നിലവിലെ മുല്ലപ്പെരിയാര്‍ അണകെട്ട് ഡീക്കമ്മീഷന്‍ ചെയ്യണം.
പുതിയ അണക്കെട്ട് പണിത് തമിഴ്നാടിന് ജലവും, കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷയും ഉറപ്പാക്കണം എന്നും കേരളം ആവശ്യപ്പെടുന്നു. സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ ജി. പ്രകാശ് ആണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം എഴുതി കോടതിക്ക് കൈമാറിയത്. ഇടുക്കി അണക്കെട്ടില്‍ പരമാവധി സംഭരിക്കാന്‍ ഉള്ള ജലത്തിന്റെ തോതിലേക്ക് ജലനിരപ്പ് ഉയരുകയാണ്. അവിടേക്ക് കൂടുതല്‍ ജലം കുറഞ്ഞ സമയത്തിന് ഉള്ളില്‍ എത്തുന്നത് സ്ഥിതി സങ്കീര്‍ണമാക്കും എന്നും കേരളം വ്യക്തമാക്കുന്നു.
അതിനാല്‍ പരമാവധി ജലം തമിഴ്നാട് കൊണ്ട് പോകണം എന്നാണ് കേരളത്തിന്റെ ആവശ്യം. കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ച റൂള്‍ കെര്‍വ് സ്വീകാര്യം അല്ലെന്നും കേരളം സുപ്രീം കോടതിയില്‍ വ്യക്തമാക്കി. തമിഴ്നാട് തയ്യാറാക്കിയ റൂള്‍ കെര്‍വ് ആണ് കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ചത്. ഇത് സ്വീകാര്യമല്ല. തമിഴ്നാട് തയ്യാറാക്കിയ റൂള്‍ കെര്‍വ് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് ഒക്ടോബര്‍ 31 വരെ 138 അടിയാകാം. നവംബര്‍ പത്തിലെ പരമാവധി ജലനിരപ്പ് 139.5 അടിയും നവംബര്‍ 20 ലെ പരമാവധി ജലനിരപ്പ് 141 അടിയും, നവംബര്‍ 30 ലെ പരമാവധി ജലനിരപ്പ് 142 അടിയുമാണ്. എന്നാല്‍ പ്രവചനാതീതമായ കാലാവസ്ഥയില്‍ ഇത് സ്വീകാര്യമല്ല എന്ന് കേരളം വ്യക്തമാക്കുന്നു.
ഒക്ടോബര്‍ 31 വരെ പരമാവധി ജലനിരപ്പ് 136 അടിയാകാം എന്നാണ് കേരളത്തിന്റെ നിലപാട്. നവംബര്‍ പത്തിലെ പരമാവധി ജലനിരപ്പ് 138.3 അടിയും നവംബര്‍ 20 ലെ പരമാവധി ജലനിരപ്പ് 139.6 അടിയും, നവംബര്‍ 30 ലെ പരമാവധി ജലനിരപ്പ് 140 അടിയുമാണ് കേരളത്തിന്റെ റൂള്‍ കെര്‍വ് വ്യക്തമാക്കുന്നത്. ഒരു ഘട്ടത്തിലും ജലനിരപ്പ് 142 അടിയായി ഉയര്‍ത്തരുതെന്നും കേരളം സുപ്രീം കോടതിയില്‍ നല്‍കിയ വാദത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ പാമരവധി ജലനിരപ്പ് 142 അടിയായി ഉയര്‍ത്താം എന്നാണ് മേല്‍നോട്ട സമിതി കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. എന്നാല്‍ മേല്‍നോട്ട സമിതി യോഗത്തില്‍ തങ്ങള്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ സുപ്രീം കോടതിക്ക് സമിതി കൈമാറിയ റിപ്പോര്‍ട്ടില്‍ പ്രതിഫലിച്ചിട്ടില്ല എന്ന് കേരളം ആരോപിക്കുന്നു. തങ്ങളുടെ വിയോജന കുറിപ്പും സുപ്രീം കോടതിക്ക് സമിതി കൈമാറിയിട്ടില്ല എന്നും കേരളം ആരോപിച്ചിട്ടുണ്ട്.