മുല്ലപ്പെരിയാര്‍: തമിഴക നിലപാടിനെ എതിര്‍ക്കാതെ കേരളം
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയത്തിലെ തമിഴ്‌നാടിന്റെ ആവശ്യത്തിന് മൗനസമ്മതം നല്‍കി കേരളം. അണക്കെട്ടിലെ ജലനിരപ്പ് കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ച റൂള്‍ കെര്‍വ് പ്രകാരം നിലനിര്‍ത്തണമെന്ന ഇടക്കാല ഉത്തരവ് തുടരുമെന്ന് സുപ്രീം കോടതി. ഇതോടെ നവംബര്‍ 30ന് അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്നാടിന് സാധിക്കും. കേസില്‍ അടിയന്തര ഉത്തരവിന്റെ ആവശ്യമില്ലെന്ന് കേരളവും സുപ്രീംകോടതിയില്‍ വ്യക്തമാക്കി.
ഒക്ടോബര്‍ 28ന് സുപ്രീംകോടതി പുറപ്പടിവിച്ച ഇടക്കാല ഉത്തരവിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ച റൂള്‍ കെര്‍വ് പ്രകാരം നിലനിറുത്തണമെന്ന് നിര്‍ദേശിച്ചത്. എന്നാല്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ മേല്‍നോട്ട സമിതി സ്ഥിതിഗതി വിലയിരുത്തി ഉചിതമായ തീരുമാനമെടുക്കണമെന്നും കോടതി ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. കേസില്‍ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെ ഈ ഉത്തരവ് തുടരുമെന്നാണ് സുപ്രീംകോടതി ഇന്ന് വ്യക്തമാക്കിയത്.
കേന്ദ്ര ജലകമ്മീഷന്‍ അംഗീകരിച്ച റൂള്‍ കെര്‍വ് പ്രകാരം നവംബര്‍ 30ലെ അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയാണ്. ഇന്ന് മുല്ലപ്പെരിയാര്‍ ഹര്‍ജികള്‍ പരിഗണി്ക്കുന്നതിനിടയില്‍ ഏതെങ്കിലും വിഷയത്തില്‍ അടിയന്തരമായ ഇടപെടല്‍ ആവശ്യമുണ്ടോയെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയോട് കോടതി ആരാഞ്ഞിരുന്നു. ഹര്‍ജികള്‍ അടിയന്തരമായി കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട ഗുപ്ത മറ്റ് അടിയന്തര ഉത്തരവുകളൊന്നും ആവശ്യമില്ലെന്ന നിലപാടാണ് കോടതിയെ അറിയിച്ചത്.
നിലവില്‍ വിശദമായി പരിഗണിക്കുന്ന മറ്റ് രണ്ട് കേസുകളുടെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായ ശേഷം മുല്ലപ്പെരിയാര്‍ ഹര്‍ജികള്‍ കേള്‍ക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഡിസംബര്‍ 10നാണ് ഹര്‍ജികള്‍ ഇനി പരിഗണിക്കാന്‍ നിശ്ചയിച്ചിരിക്കുന്നത്. മറ്റ് രണ്ട് കേസുകളുടെ വാദം കേള്‍ക്കല്‍ അതിന് മുമ്പ് പൂര്‍ത്തിയായായാല്‍ അപ്പോള്‍ മുല്ലപ്പെരിയാര്‍ കേസ് കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
കേന്ദ്ര ജല കമ്മിഷനും മുല്ലപെരിയാര്‍ മേല്‍നോട്ട സമിതിക്കും വേണ്ടി ഒരേ അഭിഭാഷകര്‍ തന്നെ ഹാജരാകുന്നതിനെ കേരളം സുപ്രീം കോടതിയില്‍ എതിര്‍ത്തു. കേന്ദ്ര ജലക്കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ഉള്ള സ്ഥാപനം ആണെന്നും എന്നാല്‍ മേല്‍നോട്ട സമിതി കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രതിനിധികള്‍ കൂടി ഉള്‍പ്പെടുന്ന സമിതി ആണെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത ചൂണ്ടിക്കാട്ടി.
കമ്മീഷനും സമിതിക്കും വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടിയും അരവിന്ദ് കുമാര്‍ ശര്‍മ്മയും ആണ് ഹാജരാകുന്നത്. ജലകമ്മീഷനും മേല്‍നോട്ട സമിതിക്കും വ്യത്യസ്ത അഭിഭാഷകര്‍ വേണമെന്ന നിലപാടിനോട് സുപ്രീ കോടതിയും യോജിച്ചു.