Kerala NewsLatest NewsNationalNews

മുല്ലപ്പെരിയാര്‍ തുറന്നത് മുന്നറിയിപ്പില്ലാതെ; വീടുകളില്‍ വെള്ളം കയറുന്നു

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതോടെ മുന്നറിയിപ്പില്ലാതെ ഷട്ടറുകള്‍ തുറന്നത് നദീതീരവാസികളെ പരിഭ്രാന്തരാക്കുന്നു. അണക്കെട്ടിലെ പരമാവധി സംഭരണ ശേഷിയായ 142 അടിയില്‍ എത്തിയതോടെ കൂടുതല്‍ ഷട്ടറുകള്‍ തുറന്നു. നിലവില്‍ ഒമ്പത് സ്പില്‍വേ ഷട്ടറുകള്‍ തുറന്നാണ് വെളളം പുറത്തേക്ക് ഒഴുക്കുന്നത്. നാല് ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ കൂടി ഉയര്‍ത്തിയിട്ടുണ്ട്. ഇതോടെ പെരിയാറില്‍ ജലനിരപ്പ് നാല് അടിയിലേറെ ഉയര്‍ന്നു. മഞ്ചുമല ആറ്റോരം ഭാഗത്തെ വീടുകളിലേക്ക് വെള്ളം കയറി.

മുന്നറിയിപ്പില്ലാതെയാണ് തമിഴ്‌നാട് ഷട്ടറുകള്‍ ഉയര്‍ത്തുന്നതെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടു. ഇന്ന് പുലര്‍ച്ചെയോടെയാണ് വീടുകളിലേക്ക് വെളളം കയറിയതെന്നും വീട്ടുസാധനങ്ങള്‍ മാറ്റുന്നതിനോ ആളുകളെ മാറ്റുന്നതിനോ സമയം ലഭിച്ചില്ലെന്നും പരാതിയുണ്ട്. ഈ മാസം പത്തിലേറെ തവണ മുല്ലപ്പെരിയാറിലെ ഷട്ടറുകളുയര്‍ത്തി. എപ്പോഴാണ് ഷട്ടറുകള്‍ ഉയര്‍ത്തുകയെന്ന് പോലും അറിയിക്കുന്നില്ല. വെള്ളം ഉയരുമ്പോഴാണ് ഷട്ടര്‍ ഉയര്‍ത്തിയ വിവരമറിയുന്നത്.

അപ്രതീക്ഷിതമായി വെള്ളം കയറുന്ന സാഹചര്യത്തില്‍ ജോലിക്ക് പോലും പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്നും പെരിയാറിന് തീരത്ത് താമസിക്കുന്നവര്‍ പറയുന്നു. ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം കയറിയതിന് ശേഷമാണ് ജാഗ്രത മുന്നറിയിപ്പ് നല്‍കുന്നതെന്നും പ്രദേശവാസികള്‍ പരാതിപ്പെട്ടു. ഇന്ന് പുലര്‍ച്ചയോടെ വീടുകളിലേക്ക് വെള്ളം കയറിയെങ്കിലും രാവിലെ ഒമ്പത് മണിയോടെയാണ് ജാഗ്രതാ മുന്നറിയിപ്പ് വന്നതെന്നും പ്രദേശവാസികള്‍ പറഞ്ഞു.

കേരളത്തില്‍ ഇന്നും പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകളം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button