Kerala NewsLatest News

നന്നാവില്ലേ കോണ്‍ഗ്രസ്; ചെന്നിത്തലയുടെ കത്തിന് പിന്നാലെ സോണിയക്ക് മുല്ലപ്പള്ളിയുടെ പരാതിക്കത്തും

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ കത്തയ്ക്കല്‍ വിവാദം സജീവമാകുന്നു. രമേശ് ചെന്നിത്തലയ്ക്ക് പിന്നാലെ സോണിയാഗാന്ധിക്ക് കത്തയച്ച്‌ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും. ഹൈക്കമാന്‍ഡ് പറഞ്ഞിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതിരുന്നത് കാലുവാരല്‍ ഭയന്നിട്ടാണെന്ന് മുല്ലപ്പള്ളി കത്തില്‍ തുറന്നടിച്ചു.

ഗ്രൂപ്പുകളാണ് പാര്‍ട്ടിയെ തകര്‍ത്തതെന്നും തന്നെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചില്ലെന്നും കത്തില്‍ മുല്ലപ്പള്ളി ആരോപിക്കുന്നുണ്ട്. രാജി സന്നദ്ധത അറിയിച്ചതുകൊണ്ടാണ് യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതിരുന്നതെന്നും സോണിയാ ഗാന്ധിക്കയച്ച കത്തില്‍ പറയുന്നുണ്ട്.

നേരത്തെ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ ഹൈക്കമാന്‍ഡ് കൈക്കൊണ്ട നടപടി തന്നെ വേദനിപ്പിച്ചെന്ന് വ്യക്തമാക്കി മുന്‍പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു. പ്രതിപക്ഷനേതാവ് പദവിയില്‍ നിന്ന് മാറിനില്‍ക്കേണ്ടി വരും എന്നുളളതല്ല മറിച്ച്‌ അതിന് ഹൈക്കമാന്‍ഡ് സ്വീകരിച്ച വഴിയാണ് തന്നെ വേദനിപ്പിച്ചതെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ കത്തിന്റെ ഉളളടക്കം.

തന്റെ പ്രവര്‍ത്തനത്തെ മുഖവിലയ്‌ക്കെടുക്കാതെയും നേതാവെന്ന വിശ്വാസം നല്‍കാതെയുമുളള പാര്‍ട്ടി തീരുമാനമാണ് വേദനിപ്പിച്ചതെന്ന് കത്തില്‍ ചെന്നിത്തല പറഞ്ഞിരുന്നു. ഒപ്പം പാര്‍ട്ടിയുടെ പരാജയത്തിന് കാരണമായ കാര്യങ്ങളും ചെന്നിത്തല വ്യക്തമാക്കിയിരുന്നു.

തന്നെ മറികടന്ന് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്ബ് ഉമ്മന്‍ചാണ്ടിയെ അധ്യക്ഷനാക്കി തെരഞ്ഞെടുപ്പ് സമിതി രൂപീകരിച്ചത് ശരിയായില്ല. ഇതോടെ ഹിന്ദു വോട്ടുകള്‍ പാര്‍ട്ടിക്ക് നഷ്ടപ്പെട്ടുവെന്നും ചെന്നിത്തല കത്തില്‍ വ്യക്തമാക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button