സമൂഹമാധ്യമങ്ങളിൽ വിമർശിക്കപ്പെടേണ്ട ആളല്ല മുല്ലപ്പള്ളി രാമചന്ദ്രൻ: വി.ഡി. സതീശൻ
തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇതുവരെ മുല്ലപ്പള്ളിക്കെതിരെ ഒരു ആരോപണവും ഉയർന്നിട്ടില്ലെന്നു പറഞ്ഞ സതീശൻ സമൂഹമാധ്യമങ്ങളിൽ വിമർശിക്കപ്പെടേണ്ട ആളല്ല അദ്ദേഹമെന്നും പറഞ്ഞു.
മുല്ലപ്പള്ളിയെ പിന്തുണച്ച് രമേശ് ചെന്നിത്തല ഇട്ട ഫെയ്സ്ബുക് പോസ്റ്റിനോടു പ്രതികരിക്കുകയായിരുന്നു സതീശൻ. കേന്ദ്രമന്ത്രിയായി, നിരവധി തവണ എംപിയായി യൂത്ത് കോൺഗ്രസിന്റെ പ്രസിഡന്റായി കെപിസിസിയുടെ ഭാരവാഹിയുമായി കേരളത്തിലെ സമുന്നതനായ കോൺഗ്രസ് നേതാവാണ് മുല്ലപ്പള്ളി രാമചന്ദ്രൻ. എല്ലാവർക്കും അഭിമാനമുള്ള സത്യസന്ധനായ നേതാവാണ്. ഒരു അഴിമതിയുടെ കറ പുരളാത്ത, ഒരാരോപണവും ഇന്നേവരെ കേൾക്കേണ്ടി വരാത്ത നേതാവാണ് മുല്ലപ്പള്ളി. സമൂഹമാധ്യമങ്ങളിൽ ഇങ്ങനെ വിമർശിക്കപ്പെടേണ്ട ആളല്ല അദ്ദേഹമെന്നും വി.ഡി. സതീശൻ പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രനെ വാനോളം പുകഴ്ത്തിയും അദ്ദേഹത്തെ വിമർശിക്കുന്നവരെ പൂർണമായി കുറ്റപ്പെടുത്തിയുമാണ് രമേശ് ചെന്നിത്തല സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടത്. മുല്ലപ്പള്ളിയോടു പാർട്ടിയും സമൂഹവും നീതി കാണിച്ചിട്ടില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. ഉമ്മൻ ചാണ്ടിക്കും തനിക്കും മറ്റുനേതാക്കൾക്കും ശേഷമേ തിരഞ്ഞെടുപ്പ് തോൽവിയിൽ കെപിസിസി പ്രസിഡന്റിന് ഉത്തരവാദിത്തമുള്ളു. സംഘടന ദുർബലമായത് മുല്ലപ്പള്ളിയുടെ മാത്രം ഉത്തരവാദിത്വമില്ല എന്നും ചെന്നിത്തല പറഞ്ഞു.