Editor's ChoiceKerala NewsLatest NewsLaw,Local NewsNationalNews

അഴിമതിയുടെ ശരശയ്യയിൽ മുഖ്യമന്ത്രിയുടെ സമനില തെറ്റിയെന്ന് മുല്ലപ്പള്ളി.

തിരുവനന്തപുരം/ ‘പ്രതികാര ബുദ്ധിയോടു കൂടി പ്രതിപക്ഷ നേതാക്കളെ തിരഞ്ഞുപിടിച്ച് പൊതു സമൂഹത്തില്‍ സ്വഭാവഹത്യ നടത്താനുള്ള ഹീനമായ ശ്രമം നടത്തിക്കൊണ്ടിരിക്കുകയാണ് സംസ്ഥാന സർക്കാരെന്ന് കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അഴിമതിയുടെ ശരശയ്യയിൽ കിടക്കുന്ന മുഖ്യമന്ത്രിയുടെ സമനില തെറ്റിയിരിക്കുന്നുവെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു മുല്ലപ്പള്ളി. കോണ്‍ഗ്രസും ഐക്യജനാധിപത്യ കക്ഷിയും ഒറ്റക്കെട്ടായി ഇതിനെ നേരിടും. ഈ സര്‍ക്കാരിന്റെ എല്ലാ ചെയ്തികളും തുറന്ന്കാട്ടി ആരുടെ കൂടെയാണ് നില്‍ക്കുന്നതെന്ന യഥാര്‍ത്ഥ ചിത്രം സമൂഹ മധ്യത്തില്‍ അവതരിപ്പിക്കാന്‍ വേണ്ടി യു ഡി എഫ് മുന്നോട്ട് പോകും. യു.ഡി.എഫ് നേതാക്കള്‍ക്കെതിരായ അന്വേഷണം സര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. അവരുടെ സ്വഭാവഹത്യ നടത്താനുള്ള ഹീനമായ ശ്രമമാണ് നടക്കുന്നത്.
10 കോടി രൂപ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ. മാണിക്ക് വാഗ്ദാനം ചെയ്തുവെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവുമോ എന്നു ചോദിച്ച മുല്ലപ്പള്ളി, ആര് അഴിമതി നടത്തിയാലും അഴിമതിയല്ലേ. സത്യസന്ധമായി അന്വേഷണം നടത്തുന്ന ഒരു മുഖ്യമന്ത്രിയാണെങ്കില്‍ എന്തുകൊണ്ടാണ് ഇതിനെക്കുറിച്ച് ഒരു പ്രാഥമികാന്വേഷണം പോലും നടത്താത്തത്? ജോസ് കെ മാണി ഇടതുപക്ഷത്തേക്കെത്തുമ്പോള്‍ അദ്ദേഹത്തെ പരിശുദ്ധനാക്കാനുള്ള നടപടിയാണ് നടത്തുന്നത്. എന്നും പറയുകയുണ്ടായി. ഈ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം കഴിഞ്ഞ നാലര വര്‍ഷക്കാലമായി നടത്തിക്കൊണ്ടിരിക്കുന്ന ഗുരുതരമായ ക്രമക്കേടുകളും അഴിമതികളും ഒന്നൊന്നായി അടിവരയിട്ടുകൊണ്ട് സമൂഹത്തില്‍ തുറന്ന് കാണിച്ച, സര്‍ക്കാരിന് ഇതുവരെ നിഷേധിക്കാന്‍ സാധിക്കാത്ത ആരോപണങ്ങള്‍ തുറന്ന് കാണിച്ച നേതാവാണ് രമേശ് ചെന്നിത്തല. അങ്ങനെയൊരു ഘട്ടത്തില്‍ മുഖ്യമന്ത്രിക്ക് സമനില തെറ്റുന്നതില്‍ അത്ഭുതമൊന്നുമില്ല. മുല്ലപ്പള്ളി പറഞ്ഞു.
ഒരു പ്രവാസിയില്‍ നിന്ന് മലബാറിലെ ഒരു ഇടതുപക്ഷ സ്വതന്ത്ര എം.എല്‍.എ 50 ലക്ഷം തട്ടിയെന്ന് ഹൈക്കോടതി തന്നെ പറയുന്നുണ്ട്. എന്നിട്ട് എന്തുകൊണ്ട് കേസെടുത്തില്ല? കേരളത്തിലെ രണ്ട് പ്രമുഖ മന്ത്രിമാര്‍ക്ക് മഹാരാഷ്ട്രയിലെ സിന്ദു ദുര്‍ഗ് ജില്ലയില്‍ 200 ഏക്കറില്‍ അധികം ഭൂമിയുണ്ട്. ബിനാമി ഒരു കണ്ണൂര്‍ കാരനാണ്. ആരാണ് ഈ കണ്ണൂര്‍കാരന്‍? ആരാണ് ഈ മന്ത്രിമാര്‍ എന്നതൊക്കെ അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തയ്യാറായിട്ടുണ്ട് എന്നാണ് ഒരു ചാനല്‍ ഇന്ന് വാര്‍ത്ത കൊടുത്തിരിക്കുന്നത്. മുഖ്യമന്ത്രി ഈ കേസ് അന്വേഷിക്കാന്‍ തയ്യാറുണ്ടോ? മുഖ്യമന്ത്രിക്ക് തന്റെ കൈ വിശുദ്ധമാണെന്ന് പറയാന്‍ തന്റേടമുണ്ടോ? ഉത്തരവാദിത്തപ്പെട്ട സി.പി.ഐ.എം മന്ത്രിമാര്‍ക്ക് തങ്ങള്‍ വിശുദ്ധരാണെന്ന് പറയാന്‍ തന്റേടമുണ്ടോ? ഞങ്ങള്‍ രാഷ്ട്രീയത്തിലെ എല്ലാ തരത്തിലുമുള്ള പൊതു മാനദണ്ഡവുമുള്ള അഴിമതി ചെയ്യാത്ത, അഴിമതിയെ ചെറുക്കുന്ന ആളുകളാണെന്ന് പറയാന്‍ ഇവര്‍ക്ക് ധൈര്യമുണ്ടോ? എന്നും മുല്ലപ്പള്ളി ചോദിക്കുകയുണ്ടായി. ബാറുടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തലിനെ തുടർന്നാണ്, രമേശ് ചെന്നിത്തല, മുന്‍ മന്ത്രി വി. എസ് ശിവകുമാര്‍, കെ. ബാബു എന്നിവര്‍ക്കെതിരെ സർക്കാർ അന്വേഷണത്തിന് ഉത്തരവിറക്കിയിരിക്കുന്നത്. രമേശ് ചെന്നിത്തല, കെ. ബാബു, വി. എസ് ശിവകുമാര്‍ എന്നിവര്‍ക്ക് പണം കൈമാറിയിട്ടുണ്ടെന്നാണ് ബിജു രമേശ് പറഞ്ഞിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button