പെരിയ ഇരട്ടക്കൊലപാതകം; സുപ്രീം കോടതി വിധി മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനേറ്റ പ്രഹരമാണെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: പെരിയ ഇരട്ടകൊലപാതക കേസ് സി.ബി.ഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന കേരള സർക്കാരിന്റെ ആവശ്യം നിരാകരിച്ച സുപ്രീംകോടതിയുടെ നടപടി മുഖ്യമന്ത്രിയുടെ ധാർഷ്ട്യത്തിനേറ്റ കനത്ത പ്രഹരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
സ്റ്റേ നൽകാത്ത സുപ്രീംകോടതി നടപടിയെ കെ.പി.സി.സി സ്വാഗതം ചെയ്യുന്നു. സി.ബി.ഐ എന്നുകേൾക്കുമ്ബോൾ മുഖ്യമന്ത്രിക്ക് മുട്ടിടിക്കുകയും ഉറക്കം നഷ്ടമാവുകയും ചെയ്യുന്നു.സി.പി.എം ക്രിമിനലുകളെ രക്ഷിക്കാൻ സാധാരണക്കാരായ നികുതിദായകന്റെ പണമല്ല സർക്കാർ ചെലവാക്കേണ്ടതെന്നും അതിന് സി.പി.എം പാർട്ടി ഫണ്ട് കണ്ടെത്തണമെന്നും മുല്ലപ്പള്ളി പറഞ്ഞു. ധാർമ്മികത തൊട്ടുതീണ്ടാത്ത സർക്കാരാണ് കേരളത്തിലേത്. ജനമനസുകളിൽ നിന്നും കുടിയിറക്കപ്പെട്ട ഈ സർക്കാരിന്റെ മലയിറക്കം തുടങ്ങിയിരിക്കുന്നു.
പെരിയ ഇരട്ടക്കൊലപാതക കേസ് സത്യസന്ധമായി സി.ബി.ഐ അന്വേഷിച്ചാൽ പ്രതിസ്ഥാനത്ത് വരിക സി.പി.എം ഉന്നതരായിരിക്കും. സി.പി.എമ്മിന്റെ പങ്ക് കൃത്യമായി ആരോപിക്കുന്ന ഈ കൊലപാതകം സി.ബി.ഐക്ക് വിടാനുള്ള ആർജ്ജവമാണ് കാട്ടേണ്ടതായിരുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു.