മുംബൈ അന്തരാഷ്ട്ര വിമാനത്താവളം ഏറ്റെടുത്ത് ഗൗതം അദാനി
മുംബൈ: മുംബൈ അന്തരാഷ്ട്ര വിമാനത്താവളം ഏറ്റെടുത്ത് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്സ്.ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവള നിര്‍മാണ നടത്തിപ്പ് കമ്ബനിയായ ജി.വി.കെ ഗ്രൂപ്പില്‍ നിന്നാണ് അദാനി പോര്‍ട്ട് വിമാനത്താവളം ഏറ്റെടുത്തത്.മുംബൈ അന്താരാഷ്ട്ര വിമാനത്താവള ബോര്‍ഡ് മീറ്റിങ്ങിന് ശേഷമായിരുന്നു വിമാനത്താവളം ഏറ്റെടുക്കല്‍.
കേന്ദ്രസര്‍ക്കാര്‍, മഹാരാഷ്ട്ര സര്‍ക്കാര്‍, മഹാരാഷ്ട്ര സിറ്റി ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ (സിഡ്കോ) എന്നിവയുടെ അനുമതികള്‍ ലഭിച്ചതിന് ശേഷമായിരുന്നു മിയാല്‍ അദാനി പോര്‍ട്ട് ഏറ്റെടുക്കുന്നത്. മിയാല്‍ കൂടി ഏറ്റെടുത്തതോടെ രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവള നടത്തിപ്പുകാര്‍ എന്ന പദവി അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്സിന് സ്വന്തം .
ഡല്‍ഹി വിമാനത്താവളത്തിന് പുറമെ രാജ്യത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നാണ് ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം. യാത്ര, ചരക്ക് ഗതാഗതത്തിലും രണ്ടാം സ്ഥാനത്താണ് ഈ വിമാനത്താവളം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ 12 ശതമാനം വര്‍ധനയാണ് ലക്ഷ്യമിടുന്നതെന്ന് വിമാനത്താവള അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.
മുംബൈ വിമാനത്താവളം കൂടാതെ ജയ്പൂര്‍, ലഖ്നോ, മംഗലാപുരം, അഹ്മദാബാദ്, ഗുവാഹതി, തിരുവനന്തപുരം വിമാനത്താവളങ്ങളുടെ നടത്തിപ്പ് അവകാശം അദാനി ഗ്രൂപ്പ് നേടിയിരുന്നു. 50 വര്‍ഷത്തേക്കാണ് നടത്തിപ്പ് ചുമതല. 74 ശതമാനം ഓഹരികളാണ് അദാനി ഗ്രൂപ്പ് സ്വന്തമാക്കിയത് . 50.5 ശതമാനം ഓഹരികള്‍ ജി.വി.കെ ഗ്രൂപ്പില്‍നിന്നും 23.5 ശതമാനം ഓഹരികള്‍ വിദേശ കമ്ബനികളായ എയര്‍പോര്‍ട്ട്സ് കമ്ബനി സൗത്ത് ആഫ്രിക്ക, ബിഡ്വെസ്റ്റ് ഗ്രൂപ്പ് എന്നിവയില്‍ നിന്നുമാണ് വാങ്ങിയത്.
‘ലോകോത്തരമായ മുംബൈ അന്തരാഷ്ട്ര വിമാനത്താവളത്തിന്‍റെ നടത്തിപ്പ് ഏറ്റെടുക്കുന്നതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. മുംബൈക്ക് അഭിമാനിക്കാനാകുമെന്ന് ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ബിസിനസ്, വിനോദം, വിശ്രമം എന്നിവ ഉള്‍പ്പെടുത്തി അദാനി ഗ്രൂപ്പ് ഒരു ഇക്കോസിസ്റ്റം നിര്‍മിക്കും. പ്രാദേശികമായി ആയിരക്കണക്കിന് തൊഴിലുകള്‍ നല്‍കും’ -അദാനി ഗ്രൂപ്പ് ട്വീറ്റ് ചെയ്തു.