Latest NewsSports

അര്‍ജുന്‍ ടെന്റുല്‍ക്കറെ 20 ലക്ഷത്തിന് സ്വന്തമാക്കി മുംബൈ

മുംബൈ: ഇതിഹാസ താരം സച്ചിന്‍ ടെന്റുല്‍ക്കറിന്റെ മകന്‍ എന്നത് അര്‍ജുന്‍ ടെന്റുല്‍ക്കറിന് എന്നും അഭിമാനിക്കാനാകുന്ന കാര്യമാണ്. എന്നാല്‍ ഒരു ക്രിക്കറ്റ് താരമെന്ന നിലയില്‍ അച്ഛനുമായി താരതമ്യം ചെയ്താണ് അര്‍ജുനെ പലരും കണക്കാക്കുന്നത്. ഇപ്പോഴിതാ ഐ.പി.എല്‍ 2021 താരലേലത്തിലും അര്‍ജുന്‍ സംസാരവിഷയമായിരിക്കുന്നു. 20 ലക്ഷം രൂപ അടിസ്ഥാന വിലയിലാണ് താരം ലേലത്തില്‍ പങ്കെടുത്തത്. പ്രതീക്ഷിച്ചതുപോലെ അതേ തുകയ്ക്ക് മുംബൈ അര്‍ജുനെ സ്വന്തമാക്കി.

ടെന്റുല്‍ക്കര്‍ എന്ന പേര് വാലറ്റത്തുള്ളതാണോ അര്‍ജുന് വിനയാകുന്നതെന്ന ചോദ്യവും ഇതിന് പിന്നാലെ ഉയരുകയാണ്. മുംബൈ ടീമില്‍ സ്ഥിരം സാനിധ്യമായിരുന്നു അര്‍ജുന്‍ എപ്പോഴും. മുംബൈ ട്വിന്റി-20 ലീഗിലും അര്‍ജുന്‍ സാനിധ്യമറിയിച്ചിരുന്നു.

അടുത്തിടെ സെയ്ദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ മുംബൈ സീനിയര്‍ ടീമിലേക്കെത്തിയ താരം അച്ഛന്റെ പേരിന് പകിട്ടേകുമെന്നാണ് പലരും കരുതിയത്. എന്നാല്‍ ഹരിയാനയ്‌ക്കെതിരായ ആദ്യ മത്സരത്തില്‍ മൂന്ന് ഓവറില്‍ 34 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്. പതിനൊന്നാമനായി ക്രീസില്‍ എത്തിയതിനാല്‍ ബാറ്റിംഗിനും അവസരം ലഭിച്ചില്ല.

എന്നാല്‍ പൊലീസ് ഷീല്‍ഡ് ക്രിക്കറ്റില്‍ ബാറ്റിലും ബോളിലും തിളങ്ങാന്‍ അര്‍ജുന് സാധിച്ചിരുന്നു. ഐ.പി.എല്‍ താരലേലത്തിന് തൊട്ടുമുമ്ബായിരുന്നു പൊലീസ് ഷീല്‍ഡ് സംഘടിപ്പിക്കപ്പെട്ടത്. എം.ഐ.ജി ക്രിക്കറ്റ് ക്ലബ്ബിനായി പുറത്താകാതെ 77 റണ്‍സും മൂന്ന് വിക്കറ്റുകളുമാണ് അര്‍ജുന്‍ സ്വന്തമാക്കിയത്. പക്ഷേ ഐ.പി.എല്‍ അവസാന ഘട്ട ലിസ്റ്റില്‍ എത്തിപ്പെടാന്‍ താരത്തിന് യോഗ്യതയുണ്ടോ എന്ന ചോദ്യവും ഒപ്പം ഉയര്‍ന്നിരുന്നു.

അര്‍ജുന്‍ പ്രയത്‌നശാലിയായ ക്രിക്കറ്റ് താരമാണെന്നാണ് മുംബൈ ഇന്ത്യന്‍സ് ഓഫ് ക്രിക്കറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറും മുന്‍ ഇന്ത്യന്‍ താരവുമായ സഹീര്‍ ഖാന്റെ അഭിപ്രായം. എന്നാല്‍ താരം സ്വയം തെളിയിക്കേണ്ടതുണ്ടെന്നും സഹീര്‍ പറയുന്നു. മുംബൈ ടീമിനൊപ്പം ലഭിക്കുന്ന അവസരം വിനിയോഗിക്കേണ്ടത് ഒരു ക്രിക്കറ്റ് താരമെന്ന നിലിയില്‍ അര്‍ജുന്റെ ആവശ്യമാണ്. മാത്രമല്ല, സച്ചിന്‍ എന്ന അതികായന്റെ പേരിനോട് കൂറുപുലര്‍ത്താന്‍ അര്‍ജുന്‍ പലപ്പോഴും ബാധ്യസ്ഥനുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button