എട്ടിടത്ത് അപകടമുണ്ടാക്കിയ കാര്‍ ഇടിച്ച് ഒരു ജീവന്‍ പൊലിഞ്ഞു, യാത്രക്കാരെ ഭീതിയിലാക്കിയ കാര്‍ പാഞ്ഞത് കിലോമീറ്ററോളം

എലപ്പുള്ളി: രാത്രി സംസ്ഥാനാന്തര പാതയിലെ യാത്രക്കാരെ മുഴുവന്‍ ഭീതിയിലാക്കി ഇന്നലെ രാത്രി ഒരു കാര്‍ പാഞ്ഞത് കിലോമീറ്ററുകളോളം. നിയന്ത്രണം വിട്ട കാര്‍ കൊഴിഞ്ഞമ്പാറ മുതല്‍ നെയ്തല വരെയുള്ള റോഡില്‍ എട്ടിടത്ത് അപകടമുണ്ടാക്കിയെന്നും പൊലീസ് പറയുന്നു. കാല്‍നടയാത്രികനെയും വാഹനങ്ങളിലും ഇടിച്ച ശേഷം നിര്‍ത്താതെ പാഞ്ഞ കാറിനെ പിന്തുടരുന്നതിനിടെ ഇതേ കാര്‍ ഇടിച്ചു ബൈക്ക് യാത്രികന്‍ മരിച്ചു. 3 പേര്‍ക്കു പരുക്കേറ്റു. കൊഴിഞ്ഞാമ്പാറ നാട്ടുകല്‍ പണിക്കര്‍കളത്ത് അപ്പുക്കുട്ടന്റെ മകന്‍ രതീഷ് (പാപ്പു-22) ആണു മരിച്ചത്.
അപകടത്തിനിടയാക്കിയ കാര്‍ എതിരെ വന്ന കാറിലേക്കും പിക്കപ്പ് വാനിലേക്കും ഇടിച്ച ശേഷമാണു ബൈക്കിലേക്ക് ഇടിച്ചു കയറിയത്. രാത്രി 9നു പാറ- പൊള്ളാച്ചി സംസ്ഥാനാന്തര പാത നെയ്തലയിലാണ് അപകടം. കാറിനെ പിന്തുടര്‍ന്നു ബൈക്കിലെത്തിയ ജിതിന്‍ (23), ടിപ്പര്‍ ഡ്രൈവര്‍ മൂര്‍ത്തി, മറ്റൊരു കാറിലുണ്ടായിരുന്ന സതീഷ് എന്നിവര്‍ക്കാണു പരുക്കേറ്റത്. ചെര്‍പ്പുളശ്ശേരി സ്വദേശിയാണു അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചിരുന്നത്. ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നു പൊലീസ് അറിയിച്ചു. കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊഴിഞ്ഞാമ്പാറയിലെ ബാറില്‍നിന്ന് ഇറങ്ങിയ ഇയാള്‍ കാര്‍ എടുത്ത ശേഷം ഇവിടെ പാര്‍ക്ക് ചെയ്ത ബൈക്കുകളും കാല്‍നടയാത്രികനെയും ഇടിച്ചു തെറിപ്പിച്ചു നിര്‍ത്താതെ പായുകയായിരുന്നു. അമിത വേഗത്തില്‍ പാഞ്ഞ കാര്‍ നാട്ടുകാരുടെ നിര്‍ദേശപ്രകാരം ബൈക്കിലുണ്ടായിരുന്ന യുവാക്കള്‍ പിന്തുടര്‍ന്നു. നെയ്തലയെത്തിയതോടെ കാര്‍ പാലക്കാട്ടുനിന്നു പൊള്ളാച്ചിയിലേക്കു പോയ മറ്റൊരു കാറിലും ഇതിനു പിന്നിലുണ്ടായിരുന്ന പിക്കപ്പ് വാനിലും പിന്നീട് വലതു വശത്തുണ്ടായിരുന്ന ബൈക്കിലേക്കും ഇടിച്ചു കയറി.
നെയ്തലയ്ക്കു മുന്‍പു കുറുക്കംപൊറ്റയില്‍ ഇതേ കാര്‍ ഇടിച്ചു കയറി 2 പേര്‍ക്കു പരുക്കേറ്റിട്ടുണ്ടെന്നും വിവരമുണ്ട്. അപകടകരമായും അമിതവേഗത്തിലുമായിരുന്ന കാറിനു മുന്നില്‍ നിന്നു പലരും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. അപകടശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച കാര്‍ ഡ്രൈവര്‍ ചെര്‍പ്പുളശേരി സ്വദേശിയെ നാട്ടുകാര്‍ പിടികൂടുകയായിരുന്നു. സ്ഥലത്തു സംഘര്‍ഷാവസ്ഥയ്ക്കും വലിയ ഗതാഗതക്കുരുക്കിനും ഇതു കാരണമായി. രാത്രി പൊള്ളാച്ചി-പാലക്കാട് പാതയില്‍ കിലോമീറ്ററുകളോളം വാഹനങ്ങളുടെ കുരുക്ക് നീണ്ടു. കസബ ഇന്‍സ്‌പെക്ടര്‍ എന്‍.എസ്.രാജീവ്, എസ്ഐ വിപിന്‍ കെ.വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തിയിരുന്നു. ഡ്രൈവര്‍ക്കെതിരെ മനഃപൂര്‍വമായ നരഹത്യയ്ക്കു കേസെടുക്കുമെന്നും അറസ്റ്റ് രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചു.