
2006 ലെ 7/11 മുംബൈ ട്രെയിൻ സ്ഫോടന കേസിൽ 12 പേരെ വെറുതെവിട്ട ബോംബെ ഹൈക്കോടതി വിധിയെ സ്റ്റേ ചെയ്ത് സുപ്രീംകോടതി. മഹാരാഷ്ട്ര സർക്കാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ ഇടപെടൽ. എന്നാൽ മോചിതരായ പ്രതികളെ വീണ്ടും ജയിലിലേക്ക് അയക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ജസ്റ്റിസ്മാരായ എം.എം. സുന്ദരേഷ്, എൻ. കോടിശ്വർ സിംഗ് എന്നിവർ അധ്യക്ഷരായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. കേസുമായി ബന്ധപ്പെട്ട നടപടി സ്റ്റേ ചെയ്യുന്നത് അപൂർവങ്ങളിലുപരമായ അപൂർവമാണെന്നു കോടതി അഭിപ്രായപ്പെട്ടു. “ഇതിൽ എന്താണ് ഇത്ര ധൃതി? എട്ട് പേരെ ഇതിനകം വിട്ടയച്ചിട്ടുണ്ട്. കുറ്റവിമുക്തരാക്കലിൽ സ്റ്റേ ഏർപ്പെടുത്തുന്നത് അപൂർവങ്ങളിൽ അപൂർവമാണ്,” കോടതി നിരീക്ഷിച്ചു.
ജൂലൈ 21നണ് ബോംബെ ഹൈക്കോടതി, തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി 12 പ്രതികളെ വെറുതെവിട്ടിരുന്നു. 2015ൽ വിചാരണ കോടതി ഈ പ്രതികളെ കുറ്റക്കാരെന്നു കണ്ടെത്തി. അഞ്ച് പേർക്ക് വധശിക്ഷയും മറ്റുള്ള ഏഴുപേർക്ക് ജീവപര്യന്തം തടവുമായിരുന്നു ശിക്ഷ.
2006 ജൂലൈ 11ന് മുംബൈയിലെ ലോക്കൽ ട്രെയിനുകളിൽ 11 മിനിറ്റിനുള്ളിൽ നടന്ന ഏഴ് സ്ഫോടനങ്ങളിൽ 189 പേർ കൊല്ലപ്പെടുകയും 800ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പ്രഷർ കുക്കറിൽ ഒളിപ്പിച്ച ബോംബുകൾ മാട്ടുംഗ റോഡ്, മാഹിം ജംഗ്ഷൻ, ബാന്ദ്ര, ഖാർ റോഡ്, ജോഗേശ്വരി, ഭയാന്ദർ, ബോറിവാലി തുടങ്ങിയ സ്റ്റേഷനുകൾക്ക് സമീപം ഉണ്ടായ ട്രെയിനുകളുടെ ഫസ്റ്റ് ക്ലാസ് കോച്ചുകളിലാണ് പൊട്ടിത്തെറിച്ചത്.
മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ട് (MCOCA) പ്രകാരമുള്ള വിചാരണ കോടതിയായിരുന്നു പ്രതികൾക്കെതിരായ വിധി പ്രഖ്യാപിച്ചത്. വധശിക്ഷ ലഭിച്ചവരിൽ ഫൈസൽ ഷെയ്ഖ്, ആസിഫ് ഖാൻ, കമാൽ അൻസാരി, എഹ്തെഷാം സിദ്ദിഖി, നവീദ് ഖാൻ എന്നിവരാണ്. ഗൂഢാലോചനയിൽ പങ്കാളികളായ മറ്റു ഏഴുപേർക്ക് ജീവപര്യന്തം ശിക്ഷയായിരുന്നു വിധിച്ചത്.
പത്തൊൻപത് വർഷത്തെ നീണ്ട നിയമപ്രക്രിയയ്ക്ക് ശേഷമാണ് ഹൈക്കോടതിയുടെ നിർണായക വിധി വന്നത്. എന്നാൽ ഈ വിധിയെ ചോദ്യം ചെയ്ത് മഹാരാഷ്ട്ര സർക്കാർ സുപ്രീം കോടതിയെ സമീപിച്ചതോടെ കേസിന് വീണ്ടും പുതിയ വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.
Tag:Mumbai train blast case: Supreme Court stays Bombay High Court verdict acquitting 12 people