വിവാദ സിഎസ്‌ഐ ധ്യാനത്തിൽ സംഘാടകർക്കും പങ്കെടുത്തവർക്കുമെതിരെ കേസെടുത്തു
മൂന്നാർ: വിവാദ സിഎസ്‌ഐ ധ്യാനത്തിൽ, സംഘാടകർക്കും പങ്കെടുത്തവർക്കുമെതിരെ കേസെടുത്തു. ബിഷപ്പ് റസാലവും വൈദികരും കേസിൽ പ്രതികളാകും. പ്രതിപ്പട്ടിക തയ്യാറാക്കി വരുന്നതായി ഇടുക്കി പൊലീസ് അറിയിച്ചു. കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചാണ് കഴിഞ്ഞ ഏപ്രിൽ 13 മുതൽ 17 വരെ മൂന്നാർ സിഎസ്‌ഐ പള്ളിയിൽ ധ്യാനം നടത്തിയത്.
ധ്യാനം നടത്തിയവർക്കെതിരെ കേസെടുക്കാൻ ജില്ലാ പൊലീസ് മേധാവിയ്ക്ക് കളക്ടർ നിർദ്ദേശം നൽകിയിരുന്നു. സിഎസ്‌ഐ സഭ അവകാശപ്പെടുന്നത് പോലെ ധ്യാനത്തിന് അനുമതി നൽകിയിരുന്നോ എന്ന് വ്യക്തമാക്കി റിപ്പോർട്ട് നൽകാൻ ദേവികുളം സബ്കളകർക്കും ഇടുക്കി കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്.
എന്നാൽ അനുമതിയ്ക്കായി ആരും സമീപിച്ചിട്ടില്ലെന്നാണ് ദേവികുളം സബ്കളക്ടർ പറയുന്നത്. അഞ്ച് ദിവസം നീണ്ട ധ്യാനത്തിൽ പങ്കെടുത്ത 480 വൈദികരിൽ ബിഷപ്പടക്കം എൺപതോളം പേർക്കാണ് കൊറോണ സ്ഥിരീകരിച്ചതെന്നാണ് സഭയുടെ വിശദീകരണം.