മൂന്നാറിൽ വിനോദ സഞ്ചാരിയെ ഭീഷണിപ്പെടുത്തിയ സംഭവം; ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യാൻ നീക്കം

മൂന്നാറിൽ മുംബൈയിൽ നിന്നെത്തിയ യുവ വിനോദസഞ്ചാരിയായ ജാൻവിയെ ടാക്സി ഡ്രൈവർമാർ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഡ്രൈവർമാരുടെ ലൈസൻസുകൾ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചു. ഇവരുടെ വാഹനങ്ങളുടെ പെർമിറ്റുകളും റദ്ദാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. അറസ്റ്റിലായ മൂന്ന് ഡ്രൈവർമാരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചിട്ടുണ്ട്. ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഷനും പെർമിറ്റ് റദ്ദാക്കലിനും വേണ്ടിയുള്ള ശിപാർശ മൂന്നാർ ഡിവൈഎസ്പി മോട്ടോർ വാഹന വകുപ്പിന് കൈമാറിയിട്ടുണ്ട്.
യൂബർ ടാക്സി ഡ്രൈവറിൽ നിന്ന് മൊഴി രേഖപ്പെടുത്തിയ ശേഷം കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയുടെ കുടുംബം കൂടുതൽ പരാതികളില്ലെന്ന് അറിയിച്ചതായും പൊലീസ് അറിയിച്ചു. ഡ്രൈവർമാരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ചയുണ്ടായതായി ഡിവൈഎസ്പിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ജാൻവിയെ തടഞ്ഞുവെച്ചപ്പോൾ രണ്ട് ടാക്സികളും ഒരു ബൈക്കും ഉൾപ്പെട്ടിരുന്നുവെന്നാണ് റിപ്പോർട്ട്. ഈ വാഹനങ്ങളുടെ പെർമിറ്റുകൾ റദ്ദാക്കാനും നടപടി പരിഗണനയിലുണ്ട്. അറസ്റ്റിലായ ഡ്രൈവർമാരെ വിളിച്ചുവരുത്തി ഹിയറിംഗ് ഉൾപ്പെടെ നടത്തിയ ശേഷമായിരിക്കും മോട്ടോർ വാഹന വകുപ്പ് അന്തിമ നടപടി സ്വീകരിക്കുക.
ഓൺലൈൻ ബുക്കിംഗിലൂടെ ലഭിച്ച ടാക്സിയിൽ ജാൻവിയും സുഹൃത്തുക്കളും കൊച്ചി, ആലപ്പുഴ എന്നിവിടങ്ങൾ സന്ദർശിച്ച ശേഷം മൂന്നാറിലെത്തിയതായിരുന്നു. മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് നിരോധനമുണ്ടെന്നു പറഞ്ഞ് ചില ടാക്സി ഡ്രൈവർമാരാണ് ജാൻവിയുടെ വാഹനം തടഞ്ഞത്. “യാത്ര തുടരണമെങ്കിൽ മൂന്നാറിലെ ടാക്സിയിലാണ് പോകേണ്ടത്” എന്നായിരുന്നു അവർ ഭീഷണിപ്പെടുത്തിയത്.
Tag: Munnar tourist threatened; Driver’s licenses to be suspended



