ചികിത്സയ്ക്കെന്ന് പാർട്ടി പറഞ്ഞാലും രാജിയുടെ കാരണം കേരളത്തിലെ കൊച്ചുകുട്ടികൾക്ക് പോലുമറിയാമെന്ന് മുരളീധരൻ.

തിരുവനന്തപുരം / മകനെതിരായ കേസുകളിൽ പരമാവധി പിടിച്ച് നിൽക്കാൻ ശ്രമിച്ചിട്ട് ഗത്യന്തരമില്ലാതെയാണ് കോടിയേരി രാജിവച്ചതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. രാഷ്ട്രീയ മര്യാദ സി.പി.എമ്മിൽ കോടിയേരി ബാലകൃഷ്ണന് മാത്രമാണോയെന്നും മുഖ്യമന്ത്രി പിണറായി വിജയന് ബാധകമല്ലേയെന്നും ചികിത്സയ്ക്കെന്ന് പാർട്ടി പറഞ്ഞാലും രാജിയുടെ കാരണം കേരളത്തിലെ കൊച്ചുകുട്ടികൾക്ക് പോലുമറിയാമെന്നും മുരളീധരൻ ഫേസ്ബുക്കിലിട്ട പോസ്റ്റിൽ പറഞ്ഞിരിക്കുന്നു.
വി.മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം ഇങ്ങനെ,
മകനെതിരായ കേസുകളിൽ പരമാവധി പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും ഗത്യന്തരമില്ലാതെയാണ് കോടിയേരി ബാലകൃഷ്ണൻ സിപിഎം സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്…..
ലഹരിമരുന്ന്, കള്ളപ്പണ ഇടപാട് കേസുകളിലാണ് കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറിയുടെ മകൻ ജയിലിൽ കഴിയുന്നത്…
രാജി ചികിൽസയ്ക്കെന്ന് പാർട്ടി പറഞ്ഞാലും യഥാർഥ്യം കേരളത്തിലെ കൊച്ചുകുട്ടികൾക്ക് പോലുമറിയാം…
പക്ഷേ യഥാർഥ പ്രശ്നം അതല്ല…
രാഷ്ട്രീയ മര്യാദ സിപിഎമ്മിൽ കോടിയേരി ബാലകൃഷ്ണന് മാത്രമാണോ ?
പിണറായി വിജയന് അത് ബാധകമല്ലേ ?
രക്തബന്ധമില്ലെങ്കിലും പിണറായിക്ക് അതിലേറെ ബന്ധമുണ്ടായിരുന്ന എം.ശിവശങ്കരനും അഴിക്കുള്ളിലായിരിക്കുന്നു…
വലംകൈ ആയ സിഎം രവീന്ദ്രനെ അന്വേഷണ ഏജൻസികൾ വിളിപ്പിക്കുന്നു…
സ്വർണക്കള്ളക്കടത്തും അഴിമതിയുമാണ് ടീം പിണറായിക്കെതിരായ കേസുകൾ….
പാർട്ടി ഭാരവാഹി അഴിമതിക്കേസിൽപ്പെടുന്നതിനെക്കാൾ ഗൗരവം തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി ഉൾപ്പെടുന്നതിനാണ് എന്നതായിരുന്നു ലാവലിൻ കേസിൽ സിപിഎം നിലപാട്…
പിണറായി ജനപ്രതിനിധിയും കോടിയേരി പാർട്ടി ഭാരവാഹിയുമായപ്പോൾ ആ നിലപാട് തിരിച്ചായോ എന്ന് വ്യക്തമാക്കണം.
പാർട്ടിയെ നയിക്കുന്നയാളുടെ കൈകൾ ശുദ്ധമാണോയെന്നത് പാർട്ടിക്കാര്യം.
സംസ്ഥാനം ഭരിക്കുന്നയാളുടെ കയ്യിലിരുപ്പാണ് സാധാരണ ജനത്തെ ബാധിക്കുന്ന വിഷയം…
രാഷ്ട്രീയ മര്യാദയാണ് കോടിയേരിയുടെ രാജിയ്ക്ക് പിന്നിലെങ്കിൽ അതിനും മുമ്പേ സ്ഥാനമൊഴിയേണ്ടത് പിണറായി വിജയനാണ്…