മലയാളത്തിലെ ട്രോളുകൾ ക്രൂരമാകാറുണ്ട്; പരാജയം തന്നെ കരുത്തുള്ള ആളാക്കി മാറ്റി: മാളവിക

നീണ്ട നാളുകൾക്ക് ശേഷം തീയേറ്ററുകൾ തുറന്നപ്പോൾ ആദ്യമെത്തിയ ചിത്രമായിരുന്നു മാസ്റ്റർ. കോവിഡ് ഭീതി മറന്ന് പ്രേക്ഷകർ തീയേറ്ററിലേക്ക് എത്തിയതോടെ മാസ്റ്റർ വൻ വിജയമായി മാറി. മാസ്റ്ററിലെ നായികയായി എത്തിയത് മലയാളിയായ മാളവിക മോഹനൻ ആയിരുന്നു. ദുൽഖർ സൽമാനൊപ്പം അഭിനയിച്ച ‘പട്ടം പോലെ’യായിരുന്നു മാളവികയുടെ ആദ്യ സിനിമ. തന്റെ ആദ്യ സിനിമ തീയേറ്ററിൽ പ്രതീക്ഷിച്ച അത്ര വിജയിച്ചില്ല എന്നത് ഏറെ വേദനിപ്പിച്ചിരുന്നു എന്ന് മാളവിക പറയുന്നു.
ഒരു മാഗസീന് നൽകിയ അഭിമുഖത്തിലാണ് മാളവിക മനസ് തുറന്നത്. ഏറെ പ്രതീക്ഷകളുണ്ടായിരുന്നു പട്ടം പോലെ എന്ന ചിത്രത്തിൽ. അളകപ്പൻ സാറിന്റെ സംവിധാനം. മമ്മൂട്ടിയാണ് സിനിമയിലേക്ക് തിരഞ്ഞെടുക്കുന്നത്. ഇതെല്ലാം ആദ്യ സിനിമയെ കുറിച്ചുള്ള ആവേശം കൂട്ടിയിരുന്നു. പക്ഷേ സിനിമ തീയേറ്ററിൽ പ്രതീക്ഷിച്ച അത്ര വിജയിച്ചില്ല. അത് ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു.
അത്ര പ്രായമല്ലേ ആയിരുന്നുള്ളൂ. പരാജയത്തേയും വിജയത്തേയും കൈകാര്യം ചെയ്യാൻ അറിയുമായിരുന്നില്ല. സിനിമയിൽ നായികയാകുമ്പോൾ ആവേശത്തോടെ ഒരുപാട് പേർ ഒപ്പമുണ്ടാകും. പക്ഷെ പരാജയപ്പെടുമ്പോൾ എന്തു ചെയ്യണമെന്ന് ആരും പറഞ്ഞു തരില്ല. അത് അനുഭവിച്ചു തന്നെ അറിയണം. വേറെ ജോലികളിൽ പരാജയം എന്നത് പ്രൈവറ്റ് ആണ്. പക്ഷെ സിനിമയിലെ പരാജയം പബ്ലിക് ആണെന്നും മാളവിക പറയുന്നു.
സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങളെ കുറിച്ചും മാളവിക മനസ് തുറക്കുന്നു. മലയാളത്തിലെ ട്രോളുകൾ ക്രൂരമാകാറുണ്ടെന്ന് മാളവിക അഭിപ്രായപ്പെടുന്നു. തന്റെ നിറത്തെ കുറിച്ചും ശരീരത്തെ കുറിച്ചുമെല്ലാം പരിഹസിച്ചു. അസ്ഥികൂടത്തിൽ തൊലി വച്ചു പിടിപ്പിച്ച പോലെ എന്നു വരെ പറഞ്ഞു. തന്റെ ശരീരത്തെ കുറിച്ച് പറയാൻ അവർക്ക് എന്താണ് അവകാശമെന്നും മാളവിക ചോദിക്കുന്നു. ആ സ്ഥിതിയ്ക്ക് വലിയ മാറ്റങ്ങൾ മലയാളത്തിൽ വന്നിട്ടില്ലെന്നും മാളവിക പറയുന്നു. ഇറക്കം കുറഞ്ഞ ഉടുപ്പിട്ടാൽ പോലും ആക്രമിക്കുന്നവർ ഇപ്പോഴുമുണ്ട്.
അതേസമയം പരാജയം തന്നെ കരുത്തുള്ള ആളാക്കി മാറ്റിയെന്നും മാളവിക പറയുന്നു. അതിനുള്ള പരിശീലനമായിരുന്നു പട്ടം പോലെയെന്നും മാളവിക കൂട്ടിച്ചേർക്കുന്നു. പട്ടം പോലെയ്ക്ക് ശേഷം മാളവിക അഭിനയിച്ച ചിത്രം നിർണായകം ആയിരുന്നു. പിന്നീട് കന്നഡയിലും ഹിന്ദിയിലും അഭിനയിച്ചു. പേട്ടയിലൂടെയാണ് തമിഴിൽ എത്തുന്നത്. പിന്നാലെയാണ് വിജയ് ചിത്രത്തിലെ നായികയാകുന്നത്.