ഭാർഗവ പണിക്കരുടെ ശരീരം ഇനി മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗത്തിന്

പുലനൂര്‍: ജീവതത്തിലും മരണത്തിലും മാതൃകയായി ഭാർഗവ പണിക്കർ. കരുനാഗപ്പള്ളി, തേവലക്കര, കോയിവിള, ഭരണിക്കാവ് കെ.എൻ ഭാർഗ്ഗവപണിക്കരുടെ (89) ഭൗതീക ശരീരം അദ്ദേഹത്തിൻ്റെ മുൻ നിർദ്ദേശ പ്രകാരം മക്കളും മരുമക്കളും ചേർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് അനാട്ടമി വിഭാഗത്തിന് ഇന്ന് രാവിലെ കൈമാറി.
പഠിക്കാനായി മെഡിക്കൽ കോളജ് വിദ്യാർത്ഥികൾക്ക് മൃതദേഹം കൈമാറണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിൻ്റെ പ്രവർത്തകർ കൂടിയായ അദ്ദേഹത്തിൻ്റെ അഭിലാഷമായിരുന്നു. ഇതിനായി മുൻപ് തന്നെ 100 രൂപ പത്രത്തിൽ അനുമതി പത്രം എഴുതി വെച്ചിരുന്നു. എന്നാൽ രോഗം ഗുരുതരമായപ്പോൾ മക്കൾ മെഡിക്കൽ കോളജുമായി ബന്ധപ്പെട്ടപ്പോൾ 200 രൂപയുടെ പത്രം വേണമെന്ന് നിർദ്ദേശിച്ചത് അനുസരിച്ച് പുതിയ വിൽപ്പത്രം എഴുതുകയും മക്കളും മരുമക്കളും സമ്മതപത്രത്തിൽ ഒപ്പിടുകയും ചെയ്തു.
വിദ്യാഭ്യാസ വകുപ്പ് പരീക്ഷാഭവൻ സൂപ്രണ്ടായിരുന്നപ്പോൾ സജീവ സംഘടനാ പ്രവർത്തകനായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത്, ജനകീയ ആസൂത്രണ പദ്ധതി വിദഗ്ദ സമതി അംഗം ,തദ്ദേശ കാർഷിക സന്നദ്ധ സംഘടന പ്രവർത്തകൻ, ഗ്രന്ഥശാലാ പ്രവർത്തകൻ എന്നീ നിലകളിൽ മാതൃകാപരമായി പ്രവർത്തിച്ചിട്ടുണ്ട്.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സഖാവ് കെ. രാജഗോപാലിൻ്റെയും, തിരുവനന്തപുരം സി.പി.എം ഡി.സി അംഗം രാജൻ്റെയും ഡി.വൈ.എഫ്.ഐ യുടെ മുൻ എ.സി അംഗം സോൽഷി എസ് നായരുടെയും ശാസ്താംകോണം ബ്രാഞ്ച് സെക്രട്ടറി ശ്യാം മോഹനൻ്റെയും സാന്നിദ്ധൃത്തിലാണ് മൃതദേഹം മെഡിക്കൽ കോളജിന് വിദ്യാർത്ഥികൾക്ക് പഠിക്കാനായി കൈമാറിയത്.
സി.പി.എം പുനലൂർ ഏരിയ കമ്മറ്റി സെക്രട്ടറി എസ്. ബിജുവിൻ്റെ ഭാര്യ ജ്യോതി ലക്ഷ്മിയുടെ പിതാവാണ്. ലക്ഷ്മിഭായി, പാർവ്വതി ഭായി എന്നിവരാണ് മറ്റ് മക്കൾ. ഭാര്യ ശാന്തമ്മ. മണിലാൽ (റിട്ട. സഹകരണ വകുപ്പ്), വി.എസ് പ്രസാദ് (മംഗളം, പത്തനംതിട്ട) എന്നിവരാണ് മറ്റ് മരുമക്കൾ.