യുപിയിലെ കൊലപാതകം: എഡിറ്റ് ചെയ്ത വീഡിയോയുമായി എന്‍ഡിടിവി
ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയിലെ കൊലപതാകത്തോടനുബന്ധിച്ച സംഭവവികാസത്തില്‍ എഡിറ്റ് ചെയ്ത വീഡിയോയുമായി എന്‍ഡിടിവി. കൊലപാതകത്തില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനെ കുടുക്കാന്‍ എന്‍ഡിടിവി എഡിറ്റ് ചെയ്ത ഒരു വീഡിയോ പുറത്തുവിട്ടതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയെ കുടുക്കാനായി എന്‍ഡിടിവി വീഡിയോ കെട്ടിച്ചമച്ചിരിക്കുന്നത്. യഥാര്‍ഥ വീഡിയോയിലെ ശബ്ദം മാറ്റിമറിച്ച് സത്യം വളച്ചൊടിച്ചുള്ള ഒരു പുതിയ വീഡിയോയാണ് എന്‍ഡിടിവി വിവാദ നാളുകളില്‍ സംപ്രേഷണം ചെയ്തത്.
ഈ വീഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളില്‍ വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ്. ഒരു പോലീസുകാരന്‍ ഒരു യുവാവിനോട് ലഖിംപൂര്‍ ഖേരി സംഭവത്തെക്കുറിച്ച് ചോദിച്ചറിയുന്നതാണ് എന്‍ഡിടിവി പുറത്തുവിട്ട വീഡിയോ. യഥാര്‍ഥ വീഡിയോയില്‍ പോലീസുകാരന്‍ ചോദ്യം ചെയ്യുമ്പോള്‍ യുവാവ് അന്തരിച്ച കോണ്‍ഗ്രസ് എംപിയും കേന്ദ്രമന്ത്രിയുമായിരുന്ന അഖിലേഷ് ദാസിന്റെ മരുമകന്‍ അങ്കിത് ദാസിന്റെ അനുയായി എന്നാണ് സ്വയം പരിചയപ്പെടുത്തുന്നത്. എന്നാല്‍ യുവാവ് ‘ഭയ്യ…അങ്കിത് ദാസാണ്’ എന്ന് പറയുന്ന ശബ്ദത്തിലാണ് എന്‍ഡിടിവി അവരുടെ ലക്ഷ്യം നേടാന്‍ ചില മാറ്റങ്ങള്‍ വരുത്തിയത്. ഇവിടെ ‘ഭയ്യ’ എന്ന വാക്ക് മാത്രം നിലനിര്‍ത്തുകയും ‘അങ്കിത് ദാസ്’ എന്ന ഭാഗം മ്യൂട്ട് ആക്കുകയും ചെയ്തു.
പിന്നീട് ‘ഭയ്യ’ എന്ന വാക്കുകൊണ്ട് യുവാവ് ഉദ്ദേശിക്കുന്നത് ബിജെപി കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിശ് മിശ്രയെയാണ് എന്നൊരു വ്യാഖ്യാനവും എന്‍ഡിടിവിയുടെ റിപ്പോര്‍ട്ടര്‍ നല്‍കി. ഇതോടെ ബിജെപിയെ കുടുക്കാനുള്ള എന്‍ഡിടിവിയുടെ ലക്ഷ്യം സാധ്യമായി. പിന്നീട് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പ്രതിപക്ഷപാര്‍ട്ടികളും മാധ്യമസ്ഥാപനങ്ങളും ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. എന്‍ഡിടിവി തന്നെ ലഖിംപൂര്‍ സംഭവം നടന്നതിനെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ രണ്ട് മണിക്കൂര്‍ നേരമാണ് ഈ വിഡിയോ തിരിച്ചും മറിച്ചും കാണിച്ചത്.
പിന്നീട് ഈ യുവാവ് പറയുന്ന കാര്യങ്ങളെല്ലാം അതേ പടി എന്‍ഡിടിവി നല്‍കുന്നുണ്ട്. എന്തായാലും യുവാവിന്റെ ശബ്ദം എഡിറ്റ് ചെയ്ത് തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നേടാന്‍ പുതിയ വീഡിയോ സൃഷ്ടിക്കുക വഴി എന്‍ഡിടിവി ക്രിമിനല്‍ ജേണലിസം നടപ്പാക്കുകയായിരുന്നുവെന്നാണ് വ്യാപകമായി ഉയരുന്ന വിമര്‍ശനം. എന്നാല്‍ വീഡിയോയുടെ അവസാനഭാഗത്ത് വാഹനം മുന്‍ കോണ്‍ഗ്രസ് എംപിയും കേന്ദ്രമന്ത്രിയുമായിരുന്ന വ്യക്തിയുടെ മരുമകന്റേതാണ് എന്ന വാചകം അതേപടി സ്‌ക്രീനില്‍ തെളിഞ്ഞുകാണുന്നുണ്ട്. ഇതാണ് യഥാര്‍ഥ വീഡിയോ കണ്ടെത്തി സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടാന്‍ ഇടയാക്കിയത്.