ന്യൂഡല്‍ഹി: കഴിഞ്ഞദിവസം കശ്മീരില്‍ കൊല്ലപ്പെട്ട ബീഹാറി തൊഴിലാളികളുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ഇസ്ലാമിക ഭീകര സംഘടന യുഎല്‍എഫ് രംഗത്തെത്തി. കശ്മീരില്‍ മൂന്ന് ബീഹാറി തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. ഇവര്‍ താമസിക്കുന്ന വീട്ടിലേക്ക് ഇരച്ചു കയറിയ തോക്കുധാരികളായ ഭീകരര്‍ തൊഴിലാളികള്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.
ജോഗീന്ദര്‍ ഋഷി ദേവ്, രാജര്‍ഷി ദേവ് എന്നിവര്‍ സംഭവ സ്ഥലത്ത് വെച്ചും മാരകമായി മുറിവേറ്റ ചുഞ്ചുന്‍ ഋഷി ദേവ് ആശുപത്രിയില്‍ കൊണ്ടുപോകുന്ന വഴിയിലും മരണപ്പെട്ടു. ഇതരസംസ്ഥാനക്കാരും ഹിന്ദുക്കളും എത്രയും പെട്ടെന്ന് കശ്മീര്‍ വിടണമെന്നും അല്ലാത്ത പക്ഷം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും സംഘടന മുന്നറിയിപ്പ് നല്‍കി. തൊഴിലാളികളെ കൊലപ്പെടുത്തിയവരെ സ്വാതന്ത്ര്യ സമര സേനാനികള്‍ എന്നാണ് യുഎല്‍എഫ് വിശേഷിപ്പിക്കുന്നത്.
കശ്മീര്‍ താഴവരയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഹിന്ദുക്കള്‍ക്കും സിഖുകാര്‍ക്കുമെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചിരിക്കുകയാണ്. ഈയടുത്ത സമയത്ത് ചില പുതിയ ഭീകരസംഘടനകള്‍ കശ്മീരില്‍ നിലവില്‍ വന്നിട്ടുണ്ടെന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏതുവിധേനയും കശ്മീരില്‍ നുഴഞ്ഞുകയറി സാധാരണക്കാരുടെ ജീവിതം മുള്‍മുനയില്‍ നിര്‍ത്താന്‍ പാക്കിസ്ഥാന്‍ പരമാവധി നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. കശ്മീരിലെ ഒട്ടുമിക്ക ഭീകര സംഘടനകള്‍ക്കും പാക്കിസ്ഥാനില്‍ നിന്ന് പിന്തുണയും ധനസഹായവും ലഭിക്കുന്നുണ്ട്.