വെടിവെച്ച് കൊന്നു; ശേഷം സുഹൃത്ത് വിഷം കഴിച്ച് ജീവനൊടുക്കി
മണ്ണാര്‍ക്കാട്: തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ യുവാവ് വെടിയേറ്റു മരിച്ച സംഭവത്തിലെ പ്രതിയെന്നു സംശയിക്കുന്ന സുഹൃത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി.
വിഷം ഉള്ളില്‍ച്ചെന്നു മരിച്ച നിലയിലാണ് കണ്ടെത്തിയത്. പ്രതിയെന്നു സംശയിക്കുന്ന സുഹൃത്ത്, പുത്തന്‍ വീട്ടില്‍ മഹേഷാണ് (30) വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചത്.
കൊലയ്ക്കുപയോഗിച്ച തോക്ക് കണ്ടെടുത്തു. കാവല്‍പുരയില്‍ നിന്നു 300 മീറ്റര്‍ മാറി പുഴയ്ക്കക്കരെ തെങ്ങിന്‍ തോപ്പില്‍ അവശനിലയില്‍ കണ്ടെത്തിയ മഹേഷിനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും വൈകിട്ട് ആറരയോടെ മരിച്ചു.
തിരുവിഴാംകുന്ന് അമ്പലപ്പാറ മണലുംപുറത്തിന് അക്കരെയുള്ള വാഴത്തോട്ടത്തിലെ കാവല്‍പുരയിലാണ് ഇരട്ടവാരി സ്വദേശി പറമ്പന്‍ മുഹമ്മദിന്റെ മകന്‍ സജീര്‍ ( 24) വെടിയേറ്റ് മരിച്ചത്. സജീറിന്റെ ഇടതുവശത്ത് വയറിന്റെയും നെഞ്ചിന്റെയും ഇടയ്ക്കാണ് വെടിയേറ്റത്. ഞായറാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം.
മഹേഷ് കിടന്നതിനു സമീപത്തു നിന്നും തോക്ക് കണ്ടെത്തി. മഹേഷിന്റെ അരയില്‍ കത്തിയുമുണ്ടായിരുന്നു. മഹേഷിന്റെ വാഴത്തോട്ടത്തിലെ കാവല്‍പുരയില്‍ മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സംശയിക്കുന്നതെന്ന് പാലക്കാട് ഡിവൈഎസ്പി പി. ശശികുമാര്‍ പറഞ്ഞു.