മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ താഴെ വീഴുന്നു, ദിവസവും ആകാശത്ത് തീ ഗോള കാഴ്ചകളെന്ന് റിപ്പോർട്ട്

ഉപഗ്രഹ ഇന്റർനെറ്റ് സേവനദാതാവായ സ്റ്റാർലിങ്കിന്റെ പ്രവർത്തനരഹിതമായ ഉപഗ്രഹങ്ങൾ നിരന്തരം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ് തീഗോളങ്ങൾ പോലെ കത്തിനശിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇവ അന്തരീക്ഷത്തിൽ ചൂടേറ്റ് ചിതറുമ്പോൾ ഭൂമിയിൽ നിന്ന് തെളിഞ്ഞ തീഗോള വരികളായി കാണാം.
ഹാർവാർഡ്- സ്മിത്ത്‌സോണിയൻ ജ്യോതിശാസ്ത്രജ്ഞൻ ജോനാഥൻ മക്‌ഡോവൽ പ്രകാരം, ഓരോ ദിവസവും കുറഞ്ഞത് നാല് ഉപഗ്രഹമെങ്കിലും ഭൂമിയിലേക്ക് പതിക്കുന്നു. ഇപ്പോൾ 6000-ത്തിലധികം സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ ലോ എർത്ത് ഓർബിറ്റിൽ പ്രവർത്തിക്കുന്നതായും കൂടുതൽ വിക്ഷേപണങ്ങൾ തുടരുന്നുവെന്നും അദ്ദേഹം പറയുന്നു.
ഉപഗ്രഹങ്ങൾ അഞ്ച് വർഷം സേവനമനുഷ്ഠിച്ച ശേഷം സുരക്ഷിതമായി ഭ്രമണപഥത്തിൽ നിന്ന് മാറ്റി അന്തരീക്ഷത്തിൽ കത്തിനശിപ്പിക്കുന്ന തരത്തിലാണ് രൂപകൽപ്പന. അതിനാൽ ഭൂമിയിലെ മനുഷ്യർക്കു നേരിട്ടുള്ള അപകടസാധ്യതയില്ല.
എന്നാൽ ഗവേഷകർ പാരിസ്ഥിതിക ഭീഷണിയെ കുറിച്ച് മുന്നറിയിപ്പ് നൽകുന്നു. ഉപഗ്രഹങ്ങൾ കത്തുമ്പോൾ പുറത്തുവിടുന്ന അലുമിനിയം ഓക്സൈഡ് കണങ്ങൾ ഓസോൺ പാളിയുടെ രാസഘടനയെ ബാധിക്കാനും സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കാനുമുള്ള സാധ്യതയുണ്ട്. ഭാവിയിൽ പതിനായിരക്കണക്കിന് ഉപഗ്രഹങ്ങൾ കൂടി വിക്ഷേപിക്കാനുള്ള പദ്ധതിയുള്ളതിനാൽ ഇത് മസോസ്ഫിയറിന്റെ ഘടനയിൽ മാറ്റം വരുത്താൻ ഇടയാകുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ദീർഘകാല പാരിസ്ഥിതിക അപകടസാധ്യതകൾ ഒഴിവാക്കാൻ കർശനമായ നിയന്ത്രണങ്ങളും മെച്ചപ്പെട്ട ഉപഗ്രഹ രൂപകൽപ്പനയും അനിവാര്യമാണെന്ന് ശാസ്ത്രജ്ഞർ നിർദേശിക്കുന്നു.
Tag: Musk Starlink satellites are falling, fireballs are seen in the sky every day, report says