”15 വയസ്സ് കഴിഞ്ഞ മുസ്ലിം പെൺകുട്ടികൾക്ക് വിവാഹം കഴിക്കാം”: സുപ്രീംകോടതി
മുസ്ലിം വ്യക്തിനിയമപ്രകാരം, 15 വയസ്സ് കഴിഞ്ഞ മുസ്ലിം പെൺകുട്ടികൾക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാം എന്ന് സുപ്രീംകോടതി വ്യക്തമാക്കി. 2022-ലെ പഞ്ചാബ്–ഹരിയാന ഹൈക്കോടതി വിധി ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതി ഈ നിലപാട് എടുത്തത്. 16 വയസുകാരിയും 30 വയസുകാരനും തമ്മിലുള്ള വിവാഹം ചോദ്യം ചെയ്ത് ദേശീയ ബാലാവകാശ കമ്മീഷൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
പഞ്ചാബ്–ഹരിയാന ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നതുപോലെ, പ്രായപൂർത്തിയാകാതിരുന്നാലും ഋതുമതിയായ മുസ്ലിം പെൺകുട്ടിക്ക് രക്ഷിതാക്കളുടെ സമ്മതം കൂടാതെയും ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്നതാണ് നിയമം. കുടുംബത്തിന്റെ ഭീഷണിയിൽ നിന്ന് സംരക്ഷണം തേടിയാണ് ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചത്. കുടുംബം നൽകിയ പോക്‌സോ കേസും കോടതി തള്ളിയിരുന്നു.
“പ്രായപൂർത്തിയാകാതെ വിവാഹം കഴിച്ചവരെ സംരക്ഷിച്ച ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യാൻ ബാലാവകാശ കമ്മീഷന് എന്തുകാര്യമുണ്ട്?” — സുപ്രീംകോടതി ചോദിച്ചു. നിയമപ്രശ്‌നം ഉണ്ടെങ്കിൽ അത് അനുയോജ്യമായ കേസുകളിൽ ഉന്നയിക്കാവുന്നതാണ് എന്നും കോടതി വ്യക്തമാക്കി.
യുവാക്കൾ പരസ്പരം സ്നേഹിച്ച് വിവാഹം കഴിക്കാൻ തീരുമാനിക്കുന്ന സാഹചര്യങ്ങളെ ഗുരുതര ക്രിമിനൽ കേസുകളുമായി താരതമ്യം ചെയ്യാനാകില്ല എന്നും ബെഞ്ച് നിരീക്ഷിച്ചു. പലപ്പോഴും മാതാപിതാക്കൾ അവരുടെ “മാനം” കാക്കാൻ പോക്സോ കേസുകൾ നിസ്സാരമായി ഫയൽ ചെയ്യുന്നു. പെൺമക്കൾ ഒളിച്ചോടിയ കാര്യം വെളിപ്പെടുത്താൻ അവർ തയ്യാറാകുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Tag: Muslim girls above 15 years of age can get married”: Supreme Court