”മുസ്ലിം ലീഗ് രാജ്യവിഭജനത്തിന്റെ സന്തതി, മതരാഷ്ട്രം സ്ഥാപിക്കല്‍ ലക്ഷ്യം” വെള്ളാപ്പള്ളി നടേശന്‍

വിവാദ പ്രസ്താവനയുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലിം ലീഗ് രാജ്യവിഭജനത്തിന്റെ സന്തതിയാണെന്നും, അവരുടെ ലക്ഷ്യം സംസ്ഥാനത്ത് മതനിഷ്ഠമായ ഭരണകൂടം സ്ഥാപിക്കലും ഇസ്ലാമിക നിയമം നടപ്പാക്കലുമാണെന്നും അദ്ദേഹം ആരോപിച്ചു. മുസ്ലിം സംഘടനകളെ ചോദ്യം ചെയ്യുന്നവരെ അടിച്ചിരുത്തുന്ന അവസ്ഥയാണ് ഇപ്പോൾ കേരളത്തിൽ നിലനിൽക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
“മലപ്പുറം ജില്ല ആരുടേയും ബാലികേറാമല അല്ലെന്ന് ഞാൻ പറഞ്ഞതിന്റെ പേരിൽ ലീഗ് എന്നെ മുസ്ലിം വിരോധിയായി ചിത്രീകരിച്ചു,” എന്നും അദ്ദേഹം പറഞ്ഞു. “മലപ്പുറത്ത് ഒരു ചെറിയ പള്ളിക്കൂടം പോലും ആവശ്യപ്പെട്ടിട്ടും അവർ അനുവദിച്ചില്ല. ലീഗും അവരുടെ അനുബന്ധ സംഘടനകളും ചേർന്ന് എന്നെ വേട്ടയാടുകയാണ് ചെയ്തത്,” എന്നും വെള്ളാപ്പള്ളി ആരോപിച്ചു.
കോൺഗ്രസിനെക്കുറിച്ചും അദ്ദേഹം വിമർശനങ്ങൾ ഉന്നയിച്ചു. “ഇന്ന് കോൺഗ്രസിന് മുസ്ലിം ലീഗ് വരയ്ക്കുന്ന ലക്ഷ്മണരേഖ കടക്കാൻ കഴിയുന്നില്ല. ഒരിക്കൽ ആർ. ശങ്കർ പോലുള്ള മഹാന്മാർ നയിച്ച കോൺഗ്രസ് ഇന്ന് അപ്രസക്തമായി മാറിയിരിക്കുന്നു. ചിലർ കേരള കോൺഗ്രസിലേക്കും ചിലർ ബിജെപിയിലേക്കും ചേർന്നപ്പോൾ, കോൺഗ്രസ് ശൂന്യമായ സാഹചര്യത്തിൽ മുസ്ലിം സംഘടനകൾ ആരാലും ചോദ്യം ചെയ്യപ്പെടാത്ത ശക്തിയായി വളർന്നു,” എന്നും വെള്ളാപ്പള്ളി പറഞ്ഞു.
രാഷ്ട്രീയ രംഗത്ത് ഈഴവ സമുദായത്തോട് വിവേചനം കാണിക്കുന്നുണ്ടെന്നും, ഈഴവരെ വളരാൻ അനുവദിക്കാത്ത മനോഭാവമാണ് നിലനിൽക്കുന്നതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. “വി.എസ്. അച്യുതാനന്ദനെയും ഗൗരിയമ്മയെയും പോലും ജാതി പറഞ്ഞ് ആക്ഷേപിച്ചു. എന്നാൽ മറ്റ് സമുദായങ്ങളിൽപ്പെട്ട മന്ത്രിമാരെ കുറിച്ച് ആരും ഒന്നും പറയുന്നില്ല,” എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“മുഖ്യമന്ത്രിയും ദേവസ്വം മന്ത്രി വാസവനും രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നവർ ഗണേഷ് കുമാറിനെതിരെ ഒന്നും പറയാത്തത് എന്തുകൊണ്ട്?” എന്ന ചോദ്യവും വെള്ളാപ്പള്ളി ഉന്നയിച്ചു.
“സമുദായാംഗങ്ങളെ വളരാൻ അനുവദിക്കാത്ത സമീപനം കേരളത്തിൽ വ്യാപകമാണ്. ഈഴവർ ഭരണം കൈകാര്യം ചെയ്യരുതെന്നാണ് ചിലരുടെ ആഗ്രഹം. എങ്കിലും പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകും — വിജയൻ എന്നത് വിജയത്തിനായി ജനിച്ചവൻ എന്നർത്ഥം തന്നെയാണ്,” എന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
Tag: “Muslim League is the offspring of national division, its goal is to establish a religious state” – Vellappally Natesan