“ഖുർആൻ കൊണ്ടുവന്ന് സത്യം ചെയ്യാറുള്ള ജലീൽ ഇത്തവണ അത് ചെയ്യാത്തത് എന്തുകൊണ്ട്?”; പി. കെ. അബ്ദുറബ്ബ്
കെ. ഫിറോസ് – കെ. ടി. ജലീൽ തർക്കത്തിൽ പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായ പി. കെ. അബ്ദുറബ്ബ്. മലയാളം സർവകലാശാല ഏറ്റെടുത്ത വിവാദ ഭൂമി തന്റെ കാലത്ത് ഏറ്റെടുത്തതല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിലകുറഞ്ഞ ഭൂമിയെ ഉയർന്ന വിലയ്ക്ക് സർക്കാർ വാങ്ങിയ സംഭവത്തിൽ കോടികളുടെ അഴിമതിയാണ് ആരോപിക്കപ്പെടുന്നതെന്നും അത് യുഡിഎഫ് കാലത്ത് നടന്നതാണെങ്കിൽ, പിന്നീട് ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ. ടി. ജലീൽ എന്തുകൊണ്ട് അന്വേഷണം നടത്തിയില്ലെന്നും അബ്ദുറബ്ബ് ചോദിച്ചു. “ഖുർആൻ കൊണ്ടുവന്ന് സത്യം ചെയ്യാറുള്ള ജലീൽ ഇത്തവണ അത് ചെയ്യാത്തത് എന്തുകൊണ്ട്?” എന്നും അദ്ദേഹം ചേർത്തു.
അതേസമയം, പി. കെ. ഫിറോസ് റിവേഴ്സ് ഹവാല നടത്തുന്നതടക്കമുള്ള ആരോപണങ്ങൾ നേരത്തെ കെ. ടി. ജലീൽ ഉന്നയിച്ചിരുന്നു. ഫിറോസ് നിരവധി സ്ഥാപനങ്ങൾ നടത്തുന്നുണ്ടെന്നും തിരുനാവായയിലെ മുഹമ്മദ് അഷറഫാണ് അദ്ദേഹത്തിന്റെ ബിനാമിയെന്നും ജലീൽ ആരോപിച്ചു. യൂത്ത് ലീഗ് പ്രവർത്തകർ തന്നെയാണ് ഇത് അറിയിച്ചതെന്നും, ഫിറോസ് ഉന്നാവോ, കത്വ കേസുകളിലെ പെൺകുട്ടികളുടെ പേരിൽ പിരിച്ച തുകയും “ദോത്തി ചാലഞ്ച്” വഴിയുള്ള സമാഹരണവും ബിസിനസിനായി ഉപയോഗിച്ചതെന്നും, കോടികൾ ബാങ്കിന്റെയും സർക്കാരിന്റെയും കണ്ണുവെട്ടിച്ച് ഗൾഫിലേക്ക് കടത്തുകയാണെന്നും ജലീൽ പറഞ്ഞു.
ജലീലിന്റെ ആരോപണങ്ങൾക്ക് മറുപടിയായി ഫിറോസ്, ബന്ധുനിയമന വിവാദം പുറത്തുകൊണ്ടുവന്നതിലെ അമർഷമാണ് ജലീലിനെ ഇത്തരം പ്രസ്താവനകളിലേക്ക് നയിക്കുന്നതെന്ന് ആരോപിച്ചു. “ദാവൂദുമായി ബന്ധമുണ്ടെന്ന് പറയുകയേ ഇനി ബാക്കിയുള്ളൂ. മന്ത്രി ആയിരുന്ന കാലത്തെ അഴിമതികൾ പുറത്ത് വരുമെന്ന ഭയമാണ് അദ്ദേഹത്തെ അലട്ടുന്നത്. തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരുമോ എന്ന ആശങ്കയാണ്. മനോനില തെറ്റിയ അവസ്ഥയിലാണ് അദ്ദേഹം ഇപ്പോൾ,” എന്ന് ഫിറോസ് പ്രതികരിച്ചു.
“തൊഴിലും ബിസിനസുമാണ് ഞാൻ ചെയ്യുന്നത്; രാഷ്ട്രീയം ഉപജീവനമാക്കിയിട്ടില്ല. കൊപ്പത്തെയും ഹൈലൈറ്റ് മാളിലെയും സ്ഥാപനങ്ങളിൽ പങ്കാളിയാണ്, നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. മറ്റു ചില ബിസിനസ്സുകളും നടത്തുന്നുണ്ട്,” എന്നും ഫിറോസ് വ്യക്തമാക്കി.
Tag: Muslim League leader and former Education Minister P. K. Abdurabb responded to the K. Firoz – K. T. Jaleel dispute