മുത്തലാഖ് നിയമം ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ വനിതാ ലീഗിന്റെ ഹർജി.

കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ മുത്തലാഖ് നിയമം ഭരണഘടനാ വിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് വനിതാ ലീഗ് സമര്‍പ്പിച്ച ഹര്ജിയിന്മേൽ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. കേരള സംസ്ഥാന വനിതാലീഗ് ജനറല്‍ സെക്രട്ടറി നൂര്‍ബീനാ റഷീദ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ സമാന ഹര്‍ജികളോടൊപ്പം വാദം കേള്‍ക്കും.
മുത്തലാഖ് അസാധുവാക്കിയ സുപ്രീംകോടതിവിധിക്ക് ശേഷം ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയാലും വിവാഹമോചനം നിലവില്‍ വരുന്നില്ല. വിവാഹബന്ധം നിലനില്ക്കുന്നു. ഈ സാഹചര്യത്തില്‍ ഭര്‍ത്താവിനെതിരെ ക്രിമിനല്‍ കേസ് എടുക്കുന്നതും ജയിലിലടയ്ക്കുന്നതും കുടുംബബന്ധത്തെ കൂടുതല്‍ ശിഥിലമാക്കുന്ന സ്ഥിതിവിശേഷമാണ് ഉള്ളത്. സര്‍ക്കാര്‍ പാസാക്കിയ മുത്തലാഖ് നിയമം കുടുംബ ബന്ധങ്ങൾ വീണ്ടും യോജിക്കാനുള്ള സാധ്യതകള്‍ ഇല്ലാതാക്കുന്നു. അഡ്വ. സുല്‍ഫിക്കര്‍ അലി മുഖേന ഫയല്‍ ചെയ്ത ഹര്‍ജി പറയുന്നു. വിശ്വാസപ്രകാരമുള്ള വിവാഹമോചന നടപടിക്രമത്തെ ഒരു മതവിഭാഗത്തിന് മാത്രമായി ക്രിമിനല്‍ കുറ്റമാക്കുന്നത് വിവേചനപരമാണെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നുണ്ട്.