വണ്ടിയില്‍ പോകവേ അവര്‍ ഫോട്ടോയെടുക്കും, ജനങ്ങള്‍ ഇനി മിണ്ടാതെ പൈസ കൊടുത്താല്‍ മതി

തിരുവനന്തപുരം: വാഹനപരിശോധനയ്ക്കിടെ ഗതാഗതനിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഫോട്ടോ പകര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെന്ന് മോട്ടോര്‍വാഹന വകുപ്പ്. ഇ-ചെല്ലാന്‍ സംവിധാനം വഴി പിഴ ചുമത്തുന്നതിനായാണ് ഇത്തരത്തില്‍ ഫോട്ടോ പകര്‍ത്തുന്നതെന്നും ഇത് തടയുന്നത് കുറ്റകരമാണെന്നുമാണ് മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. വാഹനങ്ങളുടെ രജിസ്റ്റര്‍ നമ്പര്‍ ലഭിക്കുന്ന വിധത്തില്‍ ചിത്രം എടുത്താല്‍ മാത്രമെ ഇ-ചെല്ലാന്‍ സംവിധാനം വഴി പിഴ ചുമത്താന്‍ കഴിയുകയുള്ളു.അതുകൊണ്ട് തന്നെ ഫോട്ടോയെടുപ്പ് പരിശോധനയുടെ ഭാഗമാണ്. ആ സാഹചര്യത്തില്‍ ഫോട്ടോ പകര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടെന്നും അവരെ തടസപ്പെടുത്തുന്നത് കുറ്റകരമാണെന്നുമാണ് വകുപ്പ് അറിയിച്ചിരിക്കുന്നത്. –
നിലവില്‍ പൊലീസ്, മോട്ടോര്‍ വാഹന വകുപ്പുകളാണ് ഇ-ചെല്ലാന്‍ സംവിധാനം ഉപയോഗിക്കുന്നത്. ഗതാഗത നിയമലംഘനങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണുകള്‍ ഇ-ചെല്ലാനുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ചിത്രമെടുത്താല്‍ ഉടന്‍തന്നെ ചെക്ക് റിപ്പോര്‍ട്ട് തയ്യാറാക്കി വാഹന്‍-സാരഥി വെബ് സൈറ്റില്‍ ചേര്‍ക്കും. പിഴ ചുമത്തിയതു സംബന്ധിച്ച വിവരങ്ങള്‍ വാഹന ഉടമയ്ക്ക് എസ്.എം.എസ്. ലഭിക്കുകയും ചെയ്യും. വാഹനങ്ങളില്‍ യാത്രചെയ്യുന്ന ആളുകളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് സ്മാര്‍ട്ട്പരിശോധന നടത്തുന്നതെന്നും അധികൃതര്‍ പറയുന്നു.
ഈയടുത്ത് വൈക്കത്ത് ദമ്ബതികള്‍ സഞ്ചരിച്ച ബൈക്ക് മോട്ടോര്‍വാഹന വകുപ്പ് തടഞ്ഞതും ചിത്രങ്ങള്‍ പകര്‍ത്തിയതും ഏറെ വിവാദം ഉയര്‍ത്തിയിരുന്നു. പിന്‍സീറ്റിലിരുന്ന യുവതി ഹെല്‍മറ്റ് ധരിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് അധികൃതര്‍ ബൈക്ക് തടഞ്ഞത്. ഗതാഗതനിയമലംഘനം ബോധ്യപ്പെട്ടതോടെ ഫോട്ടോയെടുക്കുകയും ചെയ്തു. എന്നാല്‍ ഇത് വലിയ തര്‍ക്കങ്ങള്‍ക്കാണ് വഴി വച്ചത്. അധികൃതര്‍ ഫോട്ടോപകര്‍ത്തിയത് ചോദ്യം ചെയ്ത് നാട്ടുകാരും എത്തിയതോടെ പ്രശ്‌നങ്ങള്‍ രൂക്ഷമായി. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മദ്യപിച്ചിട്ടുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ ഇവരെ തടഞ്ഞു വച്ചു. പൊലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്.
ഈ സംഭവത്തിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തുടര്‍ന്ന് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ച് മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തതായും റിപ്പോര്‍ട്ടുണ്ട്. ഇതിന് തുടര്‍ച്ചയായാണ് ഫോട്ടോ എടുക്കല്‍ വിവാദത്തില്‍ മോട്ടോര്‍വാഹന വകുപ്പ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.