ദയവായി ഓക്സിജന്‍ സിലിണ്ടറുകള്‍ എടുത്തുകൊണ്ടു പോകരുത്, എന്റെ അമ്മ മരിച്ചുപോകും; അമ്മയ്ക്കു വേണ്ടി ഒരു മകന് നടത്തുന്ന അപേക്ഷ
എന്റെ അമ്മ മരിച്ചുപോകും. ദയവായി ഓക്സിജന്‍ സിലിണ്ടറുകള്‍ എടുത്തുകൊണ്ടു പോകരുത്. ഞാന്‍ നിങ്ങളോട് അപേക്ഷിക്കുകയാണ്… സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയില്‍നിന്നുള്ള വാക്കുകളാണിത്. കോവിഡ് ബാധിതയായ അമ്മയ്ക്കു വേണ്ടി ഒരു മകന് നടത്തുന്ന അപേക്ഷ. ഉത്തര്‍ പ്രദേശിലെ സാദറില്‍ ഒരു സ്വകാര്യ ആശുപത്രിക്കു മുന്നില്‍നിന്നുള്ളതാണ് ഈ കാഴ്ച.
തിങ്കളാഴ്ച വൈകുന്നേരമാണ് വീഡിയോ ചിത്രീകരിക്കപ്പെട്ടിരിക്കുന്നതെന്നാണ് വിവരം. യൂത്ത് കോണ്‍ഗ്രസാണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഓക്സിജന്‍ സിലിണ്ടറുകള്‍ എടുത്തുകൊണ്ടു പോകരുതെന്ന് അപേക്ഷിക്കുന്ന വ്യക്തിയുടെ അമ്മയെ ഈ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ആശുപത്രിയുടെ മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ആംബുലന്‍സിലേക്ക് ഓക്സിജന്‍ സിലിണ്ടറുകള്‍ കയറ്റുന്നതിന് കാവല്നില്ക്കുന്ന പോലീസുകാരോടാണ് ഇദ്ദേഹം അഭ്യര്‍ഥിക്കുന്നത്. ദയവായി കൊണ്ടുപോകരുത്(ഓക്സിജന്‍ സിലിണ്ടര്‍). ഞാന്‍ എവിടെനിന്ന് ഓക്സിജന്‍ സിലിണ്ടര്‍ സംഘടിപ്പിക്കും? അമ്മയെ തിരികെ കൊണ്ടുവരുമെന്ന് എന്റെ കുടുംബത്തിന് വാക്കുകൊടുത്തിട്ടാണ് ഞാന്‍ ഇങ്ങോട്ടു വന്നത്- പി.പി.ഇ. കിറ്റ് ധരിച്ച യുവാവ് മുട്ടുകുത്തിനിന്ന് പോലീസുകാരോട് അപേക്ഷിക്കുന്നതും വീഡിയോയില്‍ കാണാം.
അതേസമയം ഓക്സിജന്‍ നിറച്ച സിലിണ്ടറുകള്‍ പോലീസുകാര്‍ ആശുപത്രിയില്‍നിന്ന് കൊണ്ടുപോയെന്ന ആരോപണത്തിനെതിരെ ഉത്തര്‍ പ്രദേശ് പോലീസ് രംഗത്തെത്തി. രണ്ടുദിവസം മുന്‍പ് ആഗ്രയില്‍ ഓക്സിജന്‍ ക്ഷാമം അനുഭവപ്പെടുകയും ആളുകള്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന സിലിണ്ടറുകള്‍ ആശുപത്രികള്‍ക്ക് തിരികെ നല്‍കുകയും ചെയ്തിരുന്നു- ആഗ്ര എസ്.പി. പറഞ്ഞു.