എൻ.എം. വിജയൻ്റെ ആത്മഹത്യ ; ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യെ ഒന്നാം പ്രതിയാക്കി കുറ്റപത്രം

എൻ.എം. വിജയൻ്റെ മരണവുമായി ബന്ധപ്പെട്ട ആത്മഹത്യാ പ്രേരണ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ.യെ ഒന്നാം പ്രതിയാക്കിയും, മുൻ ഡി.സി.സി. പ്രസിഡൻ്റ് എൻ.ഡി. അപ്പച്ചനെ രണ്ടാം പ്രതിയാക്കിയും, മുൻ കോൺഗ്രസ് നേതാക്കളായ കെ.കെ. ഗോപിനാഥൻ, പി.വി. ബാലചന്ദ്രൻ എന്നിവരെ മൂന്നും നാലും പ്രതികളാക്കിയുമാണ് കുറ്റപത്രം നൽകിയിട്ടുള്ളത്. ബാങ്കിൽ ജോലി നൽകാമെന്ന് പറഞ്ഞ് നടത്തിയ സാമ്പത്തിക ഇടപാടുകളെത്തുടർന്നുണ്ടായ പ്രശ്നങ്ങളാണ് എൻ.എം. വിജയൻ്റെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് കണ്ടെത്തൽ. കേസിൽ പ്രതികൾക്ക് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു.
വിഷം കഴിച്ച് മരിക്കുന്നതിന് മുൻപ് മൂത്ത മകൻ വിജേഷിന് എഴുതിയ കത്തിൽ എൻ.എം. വിജയൻ തൻ്റെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കിയിരുന്നു. കെ.പി.സി.സി. പ്രസിഡൻ്റ് കെ. സുധാകരന് എഴുതിയ കത്തിൽ പാർട്ടി നേതാക്കളുടെ വഞ്ചനയെക്കുറിച്ചും അദ്ദേഹം പരാമർശിക്കുന്നുണ്ട്. ഐ.സി. ബാലകൃഷ്ണനും എൻ.ഡി. അപ്പച്ചനും ആവശ്യപ്പെട്ടതനുസരിച്ചാണ് ബത്തേരി അർബൻ ബാങ്ക് നിയമനത്തിനായി പണം വാങ്ങിയതെന്ന് കത്തിൽ പറയുന്നു. നിയമനത്തിന് പണം വാങ്ങിയത് എം.എൽ.എ. ആണെന്ന് ആരോപിക്കുന്ന കത്തിൽ, ഈ വിവരങ്ങളെല്ലാം കെ.പി.സി.സി. നേതൃത്വത്തിന് അറിയാമെന്നും സൂചിപ്പിക്കുന്നു. ഡി.സി.സി. പ്രസിഡൻ്റ് സ്ഥാനം വഹിച്ചിരുന്ന മൂന്ന് നേതാക്കൾ പണം വീതിച്ചെടുത്തെന്നും ആരോപണമുണ്ട്. സമാനമായ വിവരങ്ങൾ ഉൾപ്പെടുത്തി രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും സ്വന്തം കൈപ്പടയിൽ എൻ.എം. വിജയൻ കത്തുകൾ എഴുതി സൂക്ഷിച്ചിരുന്നു.
Tag: N.M. Vijayan’s suicide; Chargesheet names MLA IC Balakrishnan as prime accused