തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല എൻ. ശക്തന്

തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ (ഡിസിസി) താൽക്കാലിക പ്രസിഡന്റായി എൻ. ശക്തനെ നിയമിച്ചു. പാലോട് രവി രാജിവച്ചതിനെ തുടർന്നാണ് ഈ തീരുമാനം. ഒരുമാസത്തിനുള്ളിൽ പുനഃസംഘടന പൂർത്തിയാക്കി പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കും വരെ എൻ. ശക്തൻ പാർട്ടിയെ ജില്ലയിൽ നയിക്കും.
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വാർത്താക്കുറിപ്പിലൂടെ നിയമനം പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ നേതാക്കളുമായും അടുത്ത ബന്ധം പുലർത്തുന്ന നേതാവായതിനാൽ പാർട്ടിയെ നിലവിലെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ എൻ. ശക്തന് കഴിയുമെന്ന പ്രതീക്ഷയാണ് നേതൃത്വം പ്രകടിപ്പിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കിവരുന്ന സാഹചര്യത്തിൽ പാർട്ടിയുടെ ഏകോപനം ഉറപ്പാക്കാൻ ഈ തീരുമാനമെന്ന് സൂചന.
അതേസമയം, പാലോട് രവിയുടെ രാജി ആവശ്യപ്പെട്ട നടപടി പാർട്ടിക്കുള്ളിൽ വ്യത്യസ്ത പ്രതികരണങ്ങൾ സൃഷ്ടിച്ചു. തുടക്കത്തിലുള്ള നീക്കം സംഘടനയുടെ ഗുണത്തിനാണെന്നതാണ് ഭൂരിപക്ഷത്തിന്റെ നിലപാട്.
എന്നാൽ, ഫോൺ സംഭാഷണം സദുദ്ദേശത്തോടെയായിരുന്നു, അത് തെറ്റായി വ്യാഖ്യാനിച്ചുവെന്നുമാണ് പാലോട് രവിയെ അനുകൂലിക്കുന്നവരുടെ അഭിപ്രായം.
വിവാദ ഫോൺ സംഭാഷണം പുറത്തുവന്നതോടെ പാലോട് രവിക്കെതിരെ പാർട്ടിക്കുള്ളിൽ തന്നെ ശക്തമായ വിമർശനം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പാർട്ടിയുടെ പ്രതിഛായ സംരക്ഷിക്കുകയും മുന്നിലുള്ള തെരഞ്ഞെടുപ്പിനായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യാൻ എൻ. ശക്തന് താൽക്കാലിക ചുമതല നൽകിയത്.
Tag: N. Shakthan takes over as interim president of Thiruvananthapuram DCC