ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് പിന്തുണ നൽകുന്ന സഹായങ്ങൾ നിർത്താൻ ട്രംപ് ഭരണകൂടം

ട്രംപ് ഭരണകൂടം ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് പിന്തുണ നൽകുന്ന വിദേശ സ്ഥാപനങ്ങൾക്കും സർക്കാരുകൾക്കും ഫെഡറൽ ഫണ്ടിംഗ് നിർത്തിവെക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നു. യുഎസ് ഉദ്യോഗസ്ഥരെയും സന്നദ്ധ സംഘടനകളെയും ഉദ്ധരിച്ചാണ് അമേരിക്കൻ മാധ്യമങ്ങൾ ഈ നയംമാറ്റത്തെ കുറിച്ച് റിപ്പോർട്ട് ചെയ്തത്. ട്രാൻസ്ജെൻഡർ ഉൾപ്പെടെയുള്ള ലൈംഗിക ന്യൂനപക്ഷങ്ങളുടെ പദ്ധതികളെ പിന്തുണയ്ക്കുന്ന വിദേശ സംഘടനകൾക്കുള്ള അമേരിക്കൻ സാമ്പത്തിക സഹായം പുതിയ മാർഗരേഖ പ്രകാരം റദ്ദാക്കപ്പെടുമെന്നാണ് സൂചന.
ഇതിനെ ‘മെക്സിക്കോ സിറ്റി പോളിസി’യുടെ വിപുലീകരണമെന്ന നിലയിലാണ് വിലയിരുത്തുന്നത്. ഗർഭച്ഛിദ്ര സേവനങ്ങൾ നൽകുന്നോ അതിനെ പ്രോത്സാഹിപ്പിക്കുന്നോ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് സഹായം നിരോധിക്കുന്ന നയം, ഇനി ലിംഗരാഷ്ട്രീയം, ലിംഗസമത്വം, എൽജിബിടി ആശയങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം.
റിപ്പോർട്ടുകൾ പ്രകാരം, സന്നദ്ധ സംഘടനകൾ, വിദേശ സർക്കാരുകൾ, ഐക്യരാഷ്ട്ര സഭയുടെ പദ്ധതികൾ വരെ ഈ വിലക്ക് ബാധകമാകും. യുഎസിന്റെ ആഭ്യന്തര, അന്താരാഷ്ട്ര സഹായം സ്വീകരിക്കുന്ന എൻജിഒകൾക്കും അന്താരാഷ്ട്ര സംഘടനകൾക്കും, ഗർഭച്ഛിദ്രം അല്ലെങ്കിൽ ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് പിന്തുണ നൽകുന്ന പദ്ധതികളിൽ പങ്കാളികളാകാൻ കഴിയില്ല.
നയംമാറ്റവുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി, “അമേരിക്ക ഫസ്റ്റ്” വിദേശനയം തുടരുമെന്നാണ് ബന്ധപ്പെട്ട യുഎസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു. ഇതിനോടൊപ്പം, പദ്ധതിയുടെ വിശദാംശങ്ങൾ ട്രംപ് ഭരണകൂടം തങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് ഗ്ലോബൽ ഹെൽത്ത് കൗൺസിൽ, MSI റീപ്രൊഡക്ടീവ് ചോയിസസ് തുടങ്ങിയ സംഘടനകളും സ്ഥിരീകരിച്ചിട്ടുണ്ട്.
Tag: Trump administration to halt aid to transgender groups