മനസുറപ്പുണ്ടായിട്ടും കാന്‍സര്‍ കരളിനെയും ബാധിച്ചു, ഇനിയൊന്നും ചെയ്യാനില്ലെന്ന് ഡോക്ടര്‍ പറഞ്ഞാലും തിരിച്ചു വരുമെന്ന് നന്ദു

കാന്‍സറിനെ സധൈര്യം നേരിട്ട് പുഞ്ചിരിയോടെ മുന്നേറുന്ന നന്ദുവിനെ അറിയാത്തവരായി അധികംപേര്‍ കാണില്ല. നിശ്ചയദാര്‍ഢ്യത്തിന്റെ ആള്‍രൂപമാണ് നന്ദു മഹാദേവ. നന്ദു ജീവിതത്തിലേക്ക് സുഖംപ്രാപിച്ച് തിരിച്ചെത്താന്‍ സ്നേഹത്തോടെ പ്രാര്‍ഥിക്കുന്ന ഒട്ടനവധിപേരുണ്ട്. അസുഖത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചുമെല്ലാം നന്ദു സോഷ്യല്‍ മിഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.
പക്ഷേ നന്ദു ഇപ്പോള്‍ പങ്കുവച്ചിരിക്കുന്ന വിവരം അവര്‍ക്കെല്ലാം വേദനയുളവാക്കുന്നതാണ്. അര്‍ബുദം കരളിനെയും ബാധിച്ചിരിക്കുന്നെന്നും ഇനി ഒന്നും ചെയ്യാനില്ലെന്നുമാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നാണ് നന്ദു എഴുതിയിരിക്കുന്നത്. എന്നാല്‍ അത് അറിഞ്ഞിട്ടും തളരാതെ ഈ ചെറുപ്പക്കാരന് പിടിച്ചുനില്‍ക്കുകയാണ്. വീട്ടില്‍ പോയി കരയാതെ, വേദന കടിച്ചമര്‍ത്തിയും വേദനസംഹാരി കഴിച്ചും സുഹൃത്തുക്കള്‍ക്കൊപ്പം ഗോവയിലേക്ക് പോയി എന്നാണ് നന്ദു പറയുന്നത്.
- നന്ദുവിന്റെ കുറിപ്പ് വായിക്കാം
ക്യാന്‍സര്‍ എന്റെ കരളിനെ കൂടി കവര്‍ന്നെടുത്തു തുടങ്ങിയിരിക്കുന്നു..!
ചെയ്യാനുള്ളതെല്ലാം ചെയ്തു കഴിഞ്ഞു ഇനി അധികമൊന്നും ചെയ്യാനില്ലെന്നു ഡോക്ടര്‍ പറഞ്ഞു..
ഞാന്‍ വീട്ടില്‍ പോയിരുന്നു കരഞ്ഞില്ല..
പകരം കൂട്ടുകാരെയും കൂട്ടി നേരേ ഗോവയിലേക്ക് ഒരു യാത്ര പോയി അടിച്ചങ്ങു പൊളിച്ചു..
അസഹനീയമായ വേദനയെ നിലയ്ക്കു നിര്‍ത്താന്‍ ഓരോ രണ്ടു മണിക്കൂറും ഇടവിട്ട് മോര്‍ഫിന്‍ എടുത്തുകൊണ്ടിരുന്നുവെങ്കിലും ആ ഉദ്യമത്തില്‍ ഞാന്‍ സമ്ബൂര്‍ണ്ണ പരാജിതനായി..!
പക്ഷേ എന്റെ മാനസികമായ കരുത്തിനു മുന്നിലും വേദനകളെ കടിച്ചമര്‍ത്തി ആഹ്ളാദിക്കുവാനും ഉല്ലസിക്കുവാനും ഉള്ള കഴിവിന് മുന്നിലും മോര്‍ഫിന്‍ കൊണ്ട് പിടിച്ചു കെട്ടാന്‍ പറ്റാത്ത വേദനപോലും നാണിച്ചു പണ്ടാരമടങ്ങിപ്പോയി..!
ഡ്രൈവിംഗ് അത്രമേല്‍ ഇഷ്ടമുള്ള എനിക്ക് എന്റെ കൂട്ടുകാരെയും പിന്നിലിരുത്തി കുറച്ചധികം ദൂരം വണ്ടിയോടിക്കണം എന്ന് അടങ്ങാത്ത ആഗ്രഹം ഉണ്ടായിരുന്നു..
അതവര് സാധിച്ചു തന്നു..
സ്നോ പാര്‍ക്കില്‍ പോയി മഞ്ഞില്‍ കളിച്ചു..
മനോഹരമായ ഗോവന്‍ ബീച്ചുകളുടെ ഭംഗി കണ്ടാസ്വദിച്ചു..
ഒടുവില്‍ പബ്ബിലും പോയി നൃത്തം ചെയ്ത ശേഷമാണ് ഞങ്ങള്‍ ഗോവയോട് വിട പറഞ്ഞത്..!
ക്രച്ചസും കുത്തി പബ്ബിലേക്ക് ചെല്ലുമ്ബോള് അന്യഗ്രഹ ജീവികളെ പോലെ ഞങ്ങളെ നോക്കിയവര്‍ ഒടുവില്‍ ഞങ്ങള്‍ക്കൊപ്പം നൃത്തം വയ്ക്കാനും ഞങ്ങളെ പരിചയപ്പെടാനും തിരക്ക് കൂട്ടിയപ്പോള്‍ അഭിമാനം തോന്നി..!
പാതി ഉറക്കത്തിലായിരുന്ന ആ പബ്ബിനെ ഞങ്ങള്‍ ആഹ്ലാദത്തിന്റെ കൊടുമുടിയില്‍ എത്തിച്ചു..!
ഗോവ ഞങ്ങളെ മറക്കില്ല..
ഞങ്ങള്‍ ഗോവയെയും..
രണ്ടു ദിവസം ഞങ്ങള്‍ പോയിടത്തെല്ലാം പോസിറ്റിവിറ്റി വാരി വിതറി ഉത്സവം പോലെയാക്കി..
ഞാനും വിഷ്ണുവും ജസ്റ്റിനും ഒക്കെ ക്യാന്‍സര്‍ പോരാളികളാണ് എന്ന് ഞങ്ങളല്ലാതെ മറ്റാര് പറഞ്ഞാലും ഗോവയില്‍ ഞങ്ങളെ പുതിയതായി പരിചയപ്പെട്ടവരോ ഞങ്ങളുടെ ഒപ്പം നൃത്തം ചെയ്തവരോ ആരും വിശ്വസിക്കില്ല..
അത്ര മാത്രം ഊര്‍ജ്ജമായിരുന്നു ഞങ്ങള്‍ക്ക്..!
എവിടെയെങ്കിലും പോകാമെന്ന് ഞാന്‍ പറയുമ്പോള്‍ എന്നെയും കൊണ്ട് പറക്കാന്‍ നില്ക്കുന്ന എന്റെ ചങ്കുകളോട് എത്ര നന്ദി പറഞ്ഞാലും തീരില്ല..
എന്റെ സ്വന്തം അനിയന് അനന്തുവും ആത്മസുഹൃത്തായ ശ്രീരാഗും ഞങ്ങള്‍ക്ക് വല്ലാത്തൊരു മുതല്‍ക്കൂട്ടാണ്..!
എന്റെ ചികിത്സ ഏറെക്കുറെ അവസാനിച്ചിരിക്കുന്നു പ്രിയരേ..
സര്‍ജറി പോലും ചെയ്യാന്‍ കഴിയാത്ത തരത്തില്‍ അതെന്നെ വരിഞ്ഞു മുറുക്കിയിരിക്കുന്നു..
ഇപ്പോള്‍ ദേ കരളിലേക്ക് കൂടി അത് പടര്‍ന്നിരിക്കുന്നു..
ഇതുവരെ അനുഭവിച്ച വേദനകളെക്കാള്‍ പത്തിരട്ടി അധികം വേദന കടിച്ചമര്‍ത്തിക്കൊണ്ടാണ് ഈ നിമിഷം ഞാനിതെഴുതുന്നത്..
ആകെ മുന്നിലുള്ള ഒരേ ഒരു വഴി വേദന കുറയ്ക്കാനുള്ള മരുന്നുകള്‍ എടുത്തു മുന്നോട്ട് പോകുക എന്നത് മാത്രമാണ്..
പക്ഷെ ഞാന്‍ തിരിച്ചു വരും..
എനിക്ക് മുന്നിലേക്ക് നടക്കാന്‍ എന്തെങ്കിലും ഒരു വഴി സര്വ്വേശ്വരന് തുറന്നു തരും..
കഴിഞ്ഞ രണ്ടു പ്രാവശ്യവും മരണത്തിന് മുന്നില്‍ നിന്നും മലക്കം മറിഞ്ഞു ജീവിതത്തിലേക്ക് ചുവടുവച്ചതുപോലെ ഇത്തവണയും ന്റെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് ഞാന്‍ ഓടി വരും..!