നാരദ കേസില്‍ 4 തൃണമൂല്‍ നേതാക്കള്‍ക്ക് കൊല്‍ക്കത്ത ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു
കൊല്‍ക്കത്ത: നാരദ കേസില്‍ നാല് തൃണമൂല്‍ നേതാക്കള്‍ക്ക് കൊല്‍ക്കത്ത ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നേതാക്കളായ ഫിര്‍ഹാദ് ഹക്കീം, സുബ്രത മുഖര്‍ജി, എംഎല്‍എ മദന്‍ മിത്ര, കൊല്‍ക്കത്ത മുന്‍ മേയര്‍ സോവന്‍ ചാറ്റര്‍ജി എന്നിവര്‍ക്കാണ് കൊല്‍ക്കത്ത ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.
രണ്ട് ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടും രണ്ട് പേരുടെ ആള്‍ ജാമ്യവും സമര്‍പ്പിക്കണമെന്ന വ്യവസ്ഥയിലാണ് ജാമ്യം ലഭിച്ചത്. ഈ വിഷയത്തില്‍ അന്വേഷണം അവസാനിക്കുന്നതുവരെ, നാരദ കേസില്‍ വിചാരണ തീര്‍പ്പാക്കാത്തതിനെ കുറിച്ച് കുറ്റാരോപിതര്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍ നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചു.
കൊല്‍ക്കത്ത ഹൈക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് മെയ് 24 ന് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ സുപ്രിംകോടതിയില്‍ പ്രത്യേക ഹരജി നല്‍കിയിരുന്നു. പ്രതികളായ നാല് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെ വീട്ടുതടങ്കലില്‍ പാര്‍പ്പിക്കാന്‍ നേരത്തെ കോടതി അനുവദിച്ചിരുന്നു. നാരദ സ്റ്റിങ് ഓപ്പറേഷന്‍ എന്നറിയപ്പെടുന്ന ഒരു സ്റ്റിങ് ഓപ്പറേഷനുമായി ബന്ധപ്പെട്ടതാണ് കേസ്.