ഷോറൂമിന്റെ പൂട്ട് തകർത്ത് വില കൂടിയ കാറുമായി കള്ളൻ മുങ്ങി; സംഭവം തിരുവനന്തപുരത്ത്
തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ ഷോറൂമിൽ കിടന്ന വില കൂടിയ കാർ മോഷണം പോയതായി പരാതി. വെഞ്ഞാറമ്മൂടുള്ള യൂസ്ഡ് കാർ ഷോറൂമിലുണ്ടായിരുന്ന കാറാണ് നഷ്ടപ്പെട്ടത്. ഷോറൂമിന്റെ പൂട്ട് തകർത്താണ് കള്ളൻ കാറുമായി കടന്നത്.
18ഓളം കാറുകൾ ഉണ്ടായിരുന്നിട്ടും ഇവയിൽ ഏറ്റവും വില കൂടിയ കാറുമായാണ് മോഷ്ടാവ് കടന്നുകളഞ്ഞത്. രാവിലെ ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണ വിവരം ആദ്യം അറിഞ്ഞത്. ഇവർ ഉടൻ തന്നെ വെഞ്ഞാറമ്മൂട് പോലീസിനെ വിവരം അറിയിച്ചു. പോലീസ് ഉടൻ തന്നെ സ്ഥലത്ത് എത്തി പരിശോധന നടത്തി. മാസ്‌ക് ധരിച്ചെത്തിയ 25 വയസിന് താഴെ പ്രായം തോന്നിക്കുന്നയാളാണ് മോഷ്ടാവ് എന്ന് സൂചനയുണ്ട്.
ഓഫീസിലെ സിസിടിവിയിൽ ചൊവ്വാഴ്ച പുലർച്ചെ 1.45ന് മോഷ്ടാവ് അകത്ത് കടക്കുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്.
എന്നാൽ ഷോറൂമിന്റെ മുൻ ഭാഗത്തെ സിസിടിവി ക്യാമറ ഓഫ് ചെയ്തിരുന്നതിനാൽ മറ്റ് ദൃശ്യങ്ങൾ ലഭിച്ചില്ല. ഓഫീസിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് അലമാരയും മേശയും കുത്തിപ്പൊളിച്ച ശേഷമാണ് വാഹനത്തിന്റെ താക്കോൽ കൈക്കലാക്കിയത്. കാര്യങ്ങൾ കൃത്യമായി അറിയാവുന്നതോ സ്ഥാപനത്തിൽ മുൻപ് വന്നിട്ടുള്ളതോ ആയ ആരെങ്കിലുമായിരിക്കാം മോഷണം നടത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.