നാര്‍ക്കോട്ടിക് ജിഹാദ്: പാലാ ബിഷപ്പ് സ്വയരക്ഷയ്ക്കു വേണ്ടി ഉയര്‍ത്തിയ വിവാദമോ
കോട്ടയം: പാലാ ബിഷപ്പ് നാര്‍ക്കോട്ടിക് ജിഹാദ് വിവാദം ഉയര്‍ത്തിയതിനു പിന്നില്‍ ഗൂഢതന്ത്രമോ എന്ന ചോദ്യം ഉയരുന്നു. ഇടത്- വലത് മുന്നണികളെ പ്രതിരോധത്തിന്റെ പരകോടിയില്‍ എത്തിച്ച നാര്‍ക്കോട്ടിക് ജിഹാദ് എന്ന പരാമര്‍ശം അദ്ദേഹം ഉയര്‍ത്തിയത് സ്വയരക്ഷയ്ക്കു വേണ്ടിയെന്ന് ആരോപണം ഉയരുന്നു. അയോധ്യയില്‍ രാമക്ഷേത്രത്തിന് സംഘപരിവാര്‍ നേതാക്കളെ വിളിച്ചുവരുത്തി സംഭാവന നല്‍കിയതിനു പിന്നിലും ദുരുദ്ദേശമുണ്ടായിരുന്നുവെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.
ഒരു സമുദായത്തിനെ മാത്രം ലക്ഷ്യംവച്ച് ബിഷപ്പ് ഉയര്‍ത്തിയ വിവാദ പ്രസ്താവന താന്‍ നടത്തിയ സാമ്പത്തിക ക്രമക്കേടുകള്‍ പുറത്തുവരാതിരിക്കാനാണെന്നാണ് ഉയര്‍ന്നുവരുന്ന ആരോപണം. പാലാ ചേര്‍പ്പുങ്കല്‍ എന്ന കുഗ്രാമത്തില്‍ 500 കോടി രൂപ മുടക്കി മാര്‍ ശ്ലീവാ മെഡിസിറ്റി എന്ന കൂറ്റന്‍ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി പണിത ബിഷപ്പിനെതിരേ ശക്തമായ ആരോപണങ്ങളാണ് ഉയരുന്നത്. ആര്‍ഭാടം നിറഞ്ഞ് ആത്മീയത മറന്നുള്ള ജീവിതമാണ് ജോസഫ് കല്ലറങ്ങാട്ടിന്റേത് എന്നും വ്യാപകമായ വിമര്‍ശനമുയരുന്നുണ്ട്.
ബിഷപ്പിനെതരേ രൂപതാംഗങ്ങള്‍ യോഗം ചേര്‍ന്നു പ്രതിഷേധിച്ചതായും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ വേണ്ടി രൂപത മുഴുവന്‍ നടന്നു പിരിവ് നടത്തിയ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരേ ഇഡി അടക്കമുള്ള ഏജന്‍സികള്‍ അന്വേഷണം നടത്തുവാന്‍ സാധ്യതയുണ്ട്. മാത്രമല്ല കല്ലറങ്ങാട്ടിന്റെ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ രാജിവച്ചത് അദ്ദേഹവുമായി ഒത്തുപോവാന്‍ പ്രയാസമുള്ളതുകൊണ്ടാണെന്നും ചിലര്‍ സൂചിപ്പിക്കുന്നുണ്ട്.
നാര്‍ക്കോ ജിഹാദിനെക്കുറിച്ച് ഉത്കണ്ഠ രേഖപ്പെടുത്തിയ കല്ലറങ്ങാട്ട് ക്രിസ്തീയ സഭകളില്‍ നടക്കുന്ന ബലാത്സംഗ കേസുകളുള്‍പ്പടെയുള്ളവയില്‍ മൗനം പാലിക്കുകയാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഫ്രാങ്കോ മുളക്കല്‍, റോബിന്‍ വടക്കുംചേരി തുടങ്ങിയ ക്രൈസ്തവ പുരോഹിതര്‍ക്കുവേണ്ടിയാണ് കല്ലറങ്ങാട്ട് നിലകൊള്ളുന്നതെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയൊട്ടാകെ ദാരിദ്ര്യം അനുഭവിക്കുന്ന പിന്നോക്കാവസ്ഥയിലുള്ള ഹിന്ദുക്കളെ മിഷണറി പ്രവര്‍ത്തനങ്ങളിലൂടെ ക്രൈസ്തവരാക്കി മാറ്റുന്ന വിവിധ സംഘടനകളെക്കുറിച്ചും നാളിതുവരെ ബിഷപ്പ് എതിര്‍ത്തിട്ടില്ല. പീഡന സഹിച്ച് സഭയില്‍ നിന്നും പുറത്തുപോകേണ്ടി വന്നവര്‍ക്കുവേണ്ടി യാതൊരു സഹായവും ചെയ്യാതെ ഒരു സമുദായത്തിനെ മുഴുവന്‍ കുറ്റപ്പെടുത്തുന്ന രീതി ബിഷപ്പ് അവസാനിപ്പിക്കണമെന്ന് സമൂഹത്തിന്റെ പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.